കൊച്ചി: മലയാളത്തിന്റെ സാംസ്കാരിക മുഖത്തിന് ഇന്ന് 98 വയസ്സിന്റെ ചെറുപ്പം. തളരാത്ത ഊർജവുമായി സാഹിത്യ, സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായി മുന്നിൽ നിൽക്കുന്ന പ്രഫ. എം.കെ. സാനുവിനാണ് ഇന്ന് ജന്മദിനം. രാഷ്ട്രീയ, കലാസാംസ്കാരിക, സാമൂഹിക വേദികളിൽ യുവത്വത്തിന്റെ പ്രസരിപ്പോടെ സജീവമാണ് ഈ പ്രായത്തിലും അദ്ദേഹം.
അക്ഷരങ്ങളെ ചേർത്തുപിടിക്കുന്നതാണ് സാനു മാഷിന്റെ പിറന്നാൾ ദിനവും. അദ്ദേഹം രചിച്ച ‘അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യപ്പെടും. സാഹിത്യവിമർശകനും എഴുത്തുകാരനുമായ എം.കെ. സാനുവിന്റെ ഓരോ പ്രഭാതവും തിരക്കേറിയതാണ്. സാഹിത്യരചന സാമൂഹിക സേവനമാണെന്ന് വിശ്വസിക്കുന്ന സാനു മാഷിന്റെ തൂലിക ഇപ്പോഴും മഷി ഉണങ്ങാതെ ചലിച്ചു കൊണ്ടിരിക്കുകയാണ്. ശിഷ്യന് ഡോ. ടി.എസ്. ജോയിയോടൊപ്പം മഹാകവി ഉള്ളൂരിനെക്കുറിച്ചുള്ള ഗ്രന്ഥരചനയുടെ മിനുക്കുപണിയിലാണിപ്പോൾ.
നിയമസഭാംഗമെന്ന നിലയിലും നാടിന്റെ സ്പന്ദനമായി മാറിയിട്ടുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കാലഘട്ടവും ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു.
‘അലംഭാവം അപരാധമായിത്തീരുന്ന ഇന്നത്തെ സാഹചര്യത്തിൽ ചരിത്രത്തോടുള്ള കടമ നിറവേറ്റാൻ നമുക്കൊരുമിച്ച് പരിശ്രമിക്കാം’ – 1987 മാർച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രചരണാർഥം സ്വന്തം കൈപ്പടയിൽ പ്രഫ. എം.കെ. സാനു എഴുതിയ ഈ അഭ്യർഥന കുറിപ്പ് ഏറ്റെടുത്ത ജനം ഇടതുപക്ഷത്തിന് ബാലികേറാമലയായിരുന്ന എറണാകുളത്ത് അദ്ദേഹത്തെ വിജയിപ്പിച്ചു.
കൊച്ചിയിലെ സാംസ്കാരിക ലോകം അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി ചാവറ കൾച്ചറൽ സെന്ററിൽ ഒത്തുചേരുന്നുണ്ട്.
സാനു മാഷിന്റെ പുസ്തകം മാത്രമല്ല, അദ്ദേഹത്തെക്കുറിച്ച് പ്രഫ. എം.തോമസ് മാത്യു രചിച്ച ‘ഗുരുവേ നമഃ’ എന്ന പുസ്തകവും ഇവിടെ പ്രകാശനം ചെയ്യപ്പെടും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി സിറ്റി ഡി.സി.പി കെ.എസ്. സുദർശൻ, റവ. ഡോ. പോൾ തേലക്കാട്ട്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് തുടങ്ങിയവർ ആശംസകളറിയിക്കും.