കോതമംഗലം: ജില്ല സ്കൂള്‍ മീറ്റിന്റെ രണ്ടാംദിനത്തിലും അജയ്യരായി കോതമംഗലം ഉപജില്ല. രണ്ടാംദിനം 12 സ്വര്‍ണംകൂടി നേടിയ ആതിഥേയരായ കോതമംഗലം, 231 പോയന്റ് നേടി കിരീടം ഉറപ്പിച്ചു.
ആകെ 26 സ്വര്‍ണവും 30 വെള്ളിയും 12 വെങ്കലവും ഇതുവരെ നേടി. 10 സ്വര്‍ണവും ഒമ്പതുവീതം വെള്ളിയും വെങ്കലവുമായി രണ്ടാം സ്ഥാനത്തുള്ള അങ്കമാലി 86 പോയന്റുമായി ഏറെ പിന്നിലാണ്. 50 പോയന്റുള്ള പെരുമ്പാവൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ആറ് സ്വര്‍ണവും അഞ്ചുവീതം വെള്ളിയും വെങ്കലവുമായി ആലുവ (37) നാലാം സ്ഥാനത്തും 31 പോയന്റുള്ള തൃപ്പൂണിത്തുറ ഉപജില്ല അഞ്ചാം സ്ഥാനത്തുമുണ്ട്. രണ്ടാംദിനവും മട്ടാഞ്ചേരി ഉപജില്ലക്ക് പോയന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാനായില്ല.
കോലഞ്ചേരി, മൂവാറ്റുപുഴ ഉപജില്ലകൾക്ക് സ്വർണം നേടാനായില്ല. മറ്റു ഉപജില്ലകളുടെ പോയന്റ് നില ഇങ്ങനെ: വൈപ്പിൻ -25, കല്ലൂർക്കാട് -23, എറണാകുളം -20, കൂത്താട്ടുകുളം -15, പിറവം -14, നോർത്ത് പറവൂർ -10, കോലഞ്ചേരി -ആറ്, മൂവാറ്റുപുഴ -ഒന്ന്. സ്കൂള്‍ പോയന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായ മാർബേസില്‍ എച്ച്.എസ്.എസിന്റെയും (132), കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസിന്റെയും (71) കുതിപ്പിലാണ് കോതമംഗലം ഉപജില്ലയുടെ മുന്നേറ്റം. 14 സ്വര്‍ണവും 18 വെള്ളിയും എട്ട് വെങ്കലവുമാണ് മാർബേസിലിന്റെ ആകെ സമ്പാദ്യം.
സെന്റ് സ്റ്റീഫന്‍സിന് ഒമ്പത് സ്വര്‍ണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. അങ്കമാലി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് എച്ച്.എസാണ് മൂന്നാംസ്ഥാനത്ത്. എട്ട് സ്വര്‍ണവും അഞ്ചുവീതം വെള്ളിയും വെങ്കലവുമടക്കം 60 പോയന്റ്.
കോതമംഗലം കീരംപാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍സ് എച്ച്.എസ് -20, എസ്.എൻ എച്ച്.എസ്.എസ് ഒക്കൽ -17, പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല ശാലേം എച്ച്.എസ് -16, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് കല്ലൂർക്കാട് -14, പിറവം രാമമംഗലം എച്ച്.എസ് -11, എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് -11, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഉദയംപേരൂർ -11 എന്നിങ്ങനെയാണ് നാല് മുതൽ 10 വരെ സ്ഥാനങ്ങളിലുള്ള സ്കൂളുകളുടെ പോയന്റ് നില.
സീനിയർ ആൺകുട്ടികളിൽ കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസിന്റെ അൻസാഫ് അഷ്റഫ് സ്പ്രിന്റ് ഡബിൾ തികച്ചു. 200 മീറ്ററിൽ 22.6 സെക്കൻഡിലായിരുന്നു ഫിനിഷിങ്.
പെൺകുട്ടികളിൽ മാർബേസിൽ സ്കൂളിന്റെ സി.ആർ. നിത്യ ട്രിപ്പിൾ സ്വർണം നേടി. 3000, 1500, 800 ഇനങ്ങളിലാണ് നേട്ടം. സീനിയര്‍ ആണ്.-പെണ്. വിഭാഗങ്ങളുടെ 400 മീ. ഫൈനല്‍ ഉള്‍പ്പെടെ 36 ഇനങ്ങളില്‍ ബുധനാഴ്ചയാണ് ഫൈനല്‍.