കൊച്ചി: എൻ.എ.ബി.എച്ച് അക്രഡിറ്റേഷനൊരുങ്ങി ജില്ലയിലെ ആയുഷ് സ്ഥാപനങ്ങൾ. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റലിന്റെ പട്ടികയിൽ ഇടം പിടിക്കാനാണ് ജില്ലയിലെ ആയുർവേദ-ഹോമിയോ ആശുപത്രികളൊരുങ്ങുന്നത്. ആയുഷ് മിഷന് കീഴിൽ ജില്ലയിൽ 105 ആയുർവേദ ആശുപത്രികളും 104 ഹോമിയോ ആശുപത്രികളുമാണ് പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും രോഗീ സൗഹൃദ പ്രവർത്തനങ്ങളും വർധിപ്പിച്ചാണ് മികവിന്റെ കേന്ദ്രങ്ങളാകാൻ ഇവ ഒരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ 12 ആയുഷ് സ്ഥാപനങ്ങൾ
ദേശീയ ആയുഷ് മിഷനുമായി സഹകരിച്ച് സംസ്ഥാനത്തെ 100 ആയുഷ് ഹെൽത്ത് ആൻറ് വെൽനസ് കേന്ദ്രങ്ങളെ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്താനുള്ള സംസ്ഥാനതല പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിലും മൂല്യനിർണയം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടന്ന ഒന്നാം ഘട്ട മൂല്യ നിർണയത്തിൽ ജില്ലയിൽ നിന്ന് അംഗീകാരം നേടിയത് 12 ആയുഷ് സ്ഥാപനങ്ങളാണ്. ഇതിൽ എട്ട് ആയുർവേദ ആശുപത്രികളും നാല് ഹോമിയോ ആശുപത്രികളും പെടും. എളങ്കുന്നപ്പുഴ, എടവനക്കാട്, തൃക്കാക്കര, തുരുത്തിക്കര, വല്ലാർപ്പാടം, കീഴ്മാട്, പായിപ്ര, മലയാറ്റൂർ ആയുർവേദ ആശുപത്രികളും മരട്, മോനപ്പള്ളി, കുമ്പളങ്ങി, വടവുകോട് ഹോമിയോ ആശുപത്രികളുമാണ് ഇക്കൂട്ടത്തിലുളളത്.
രണ്ടാംഘട്ടം; പരിശോധന പൂർത്തിയായത് ഒമ്പത് സ്ഥാപനങ്ങളിൽ
എൻ.എ.ബി.എച്ച് അക്രഡിറ്റേഷന് വേണ്ടിയുളള രണ്ടാം ഘട്ട മൂല്യ നിർണയമാണ് ജില്ലയിൽ ഇക്കുറി നടക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുത്ത ഒമ്പത് ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സ്ഥാപനങ്ങളിലാണ് ഇതിന്റെ പരിശോധന. ഏഴക്കരനാട്, പൂത്തൃക്ക, പല്ലാരിമംഗലം, പൈങ്ങോട്ടൂർ, തായ്ക്കാട്ടുകര, ചെങ്ങമനാട്, വെങ്ങോല എന്നീ ആയുർവേദ സ്ഥാപനങ്ങളും, ചോറ്റാനിക്കര, മഴുവന്നൂർ എന്നീ ഹോമിയോപ്പതി സ്ഥാപനങ്ങളുമാണ് മൂല്യനിർണയത്തിന് വിധേയമായത്. പരിശോധന സംഘം ചൂണ്ടിക്കാട്ടുന്ന പോരായ്മകൾ നികത്തുന്നതോടെ ഈ സ്ഥാപനങ്ങളും എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയരും.അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, രോഗീസൗഹൃദം, സുരക്ഷ, ഫാർമസ്യൂട്ടിക്കൽ ഗുണനിലവാരം, അണുബാധ നിയന്ത്രണം എന്നിവ ഉൾക്കൊള്ളുന്ന മാനദണ്ഡങ്ങളാണ് പരിശോധനക്ക് വിധേയമാക്കുന്നത്.
രോഗികൾക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കും
അംഗീകാരം ലഭിക്കുന്ന ആയുഷ് സ്ഥാപനങ്ങളിൽ രോഗികൾക്കായി കൂടുതൽ സൗകര്യങ്ങളാണൊരുങ്ങുന്നത്. ഇതിനായി പ്രത്യേക ഫണ്ടുകളും എത്തും. ഒപ്പം യോഗ ഇൻസ്ട്രക്ടർ, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ, ആശവർക്കർ എന്നിവരുടെ സേവനവും ഇവിടങ്ങളിൽ ലഭ്യമാകും. പകർച്ച വ്യാധികൾക്കും ജീവിത ശൈലി രോഗ പ്രതിരോധനത്തിനുമടക്കം കൃത്യമായ പരിചരണങ്ങൾ ലഭിക്കുന്നതിനാൽ ആയുഷ് സ്ഥാപനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ ജില്ലയിൽ 14 ആയുർവേദ ആശുപത്രികളിലും മൂന്ന് ഹോമിയോ ആശുപത്രികളിലും കിടത്തി ചികിത്സയുമുണ്ട്. കൂടുതൽ ചികിത്സ കേന്ദ്രങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നത് ജില്ലയിലെ ആരോഗ്യ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് നാഷണല് ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.വി.പി. ജയകൃഷ്ണൻ പറഞ്ഞു. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ ഇത് വഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.