കൊച്ചി: പൊട്ടിപ്പൊളിഞ്ഞ കെട്ടിട സമുച്ചയവും ചീഞ്ഞളിഞ്ഞ പരിസരവുമുള്ള പഴയ മാർക്കറ്റുകളല്ല, ഇനി കൊച്ചിയിലുള്ളത് മികച്ച രൂപകൽപനയിൽ അത്യാധുനിക രീതിയിൽ നിർമിച്ച പുത്തൻ പുതിയ മാർക്കറ്റുകൾ. എറണാകുളം മാർക്കറ്റിലെ പുതിയ മാർക്കറ്റും കലൂർ മാർക്കറ്റുമാണ് നിർമാണം പൂർത്തിയായത്.
മൾട്ടിലെവൽ പാർക്കിങ്ങുമായി എറണാകുളം മാർക്കറ്റ്
ബഹുനിലകളിൽ നിർമിച്ച എറണാകുളം മാർക്കറ്റിന്റെ ഉദ്ഘാടനം നവംബറിൽ നടന്നേക്കും. പഴയ മാർക്കറ്റ് പൊളിച്ചുനീക്കിയ സ്ഥലത്ത് 2022 ജൂണിൽ സി.എസ്.എം.എൽ ആരംഭിച്ച നിർമാണം അവസാനഘട്ടത്തിലാണ്.
നാലുനിലയിൽ അത്യാധുനിക സൗകര്യവും സംവിധാനവും ഉൾപ്പെടെ ഒരുക്കിയാണ് 19,990 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ മാർക്കറ്റ് പൂർത്തിയാക്കുന്നത്.
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 72.69 കോടി മുതൽ മുടക്കിലാണ് നിർമാണം. നഗരത്തിലെ ആദ്യത്തെ മൾട്ടിലെവൽ കാർ പാർക്കിങ്ങും (എം.എൽ.പി) സംവിധാനവുമുണ്ട്. 120 കാറിനും 100 ബൈക്കിനും പാർക്ക് ചെയ്യാം.
ആദ്യനിലകളിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, മുട്ട തുടങ്ങിയവയുടെ സ്റ്റാളുകളും സ്റ്റേഷനറി, കയർ, കൊട്ട, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ സ്റ്റാളുകളുമാണ്. മൂന്നാം നില കോർപറേഷനു വേണ്ടിയുള്ളതാണ്. ഒന്നാം നിലയിൽ ലോഡിങ്, അൺലോഡിങ് ഏരിയയുണ്ട്. മാലിന്യം സംസ്കരിക്കാൻ ഓർഗാനിക് വേസ്റ്റ് കംപോസ്റ്റർ പ്ലാന്റുമുണ്ട്. പഴയ മാർക്കറ്റിലെ കച്ചവടക്കാരെ തൊട്ടടുത്തുതന്നെ താൽക്കാലികമായി പുനരധിവസിപ്പിച്ചിരിക്കുകയാണ്. ഇവരെ പുതിയ മാർക്കറ്റ് തുറക്കുന്നതോടെ ഇങ്ങോട്ട് മാറ്റും.
കലൂർ മാർക്കറ്റ് ഉദ്ഘാടനം വെള്ളിയാഴ്ച
കലൂരില്‍ ജി.സി.ഡി.എ നവീകരണം പൂര്‍ത്തിയാക്കിയ ആധുനിക മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. കലൂര്‍ മണപ്പാട്ടിപറമ്പിനടുത്തു സ്ഥിതിചെയ്യുന്ന 40,000 ചതുരശ്രഅടിയോളം വിസ്തീര്‍ണമുള്ള രണ്ടുനില കെട്ടിടത്തിന്റെ നവീകരണം 5.87 കോടിക്ക് സി.എസ്.എം.എല്‍ സഹകരണത്തോടെയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇറച്ചി, മത്സ്യം, പഴം/പച്ചക്കറി (അനുബന്ധ ഉല്പന്നങ്ങള്/പലചരക്ക്) എന്നിങ്ങനെ ഓരോ വിഭാഗങ്ങള്‍ക്കായി പ്രത്യേകം ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 6000 ചതുരശ്ര അടിയോളം വിസ്തീര്‍ണമാണ് ഓരോ വിഭാഗത്തിനുമായി തയാറാക്കിയിട്ടുള്ളത്.
ഒന്നാം നിലയില്‍ 2000 ചതുരശ്ര അടിയോളം വിസ്തൃതമായ വിശാലമായ സൂപ്പര്‍മാര്‍ക്കറ്റ് സൗകര്യവും ഓപണ്‍ റസ്റ്റാറന്റ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന 1.3 ഏക്കറോളം ഭൂമിയില്‍ 60ഓളം കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവും സജ്ജമാണ്.
ബാനര്‍ജി റോഡ്, കലൂര്‍ മെട്രോസ്റ്റേഷന്, മണപ്പാട്ടിപ്പറമ്പ്, ശാസ്ത ടെമ്പിള്‍ റോഡ് എന്നിവിടങ്ങളില്‍നിന്നെല്ലാം പ്രവേശനം സാധ്യമാണ്. ബാനര്‍ജി റോഡില്‍നിന്നും മാര്‍ക്കറ്റ് വരെയുള്ള ഏഴു മീറ്റര്‍ വീതിയുള്ള റോഡ് നിര്‍മാണം പുരോഗമിക്കുകയാണെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അറിയിച്ചു.