മൂവാറ്റുപുഴ: നഗരത്തിൽ തകർന്ന മൂന്ന് റോഡുകളുടെ നവീകരണത്തിന് തുടക്കമായി. കീച്ചേരിപ്പടി-ആസാദ് റോഡ്, കാവുങ്കര മാർക്കറ്റ് റോഡ്, കിഴക്കേക്കര-ആശ്രമം റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തിങ്കളാഴ്ച തുടക്കമായത്.
കീച്ചേരിപ്പടി ആസാദ് റോഡ് ഒരു കി.മീ. നീളവും 5.5 കിലോമീറ്റർ വീതിയുണ്ട്. കാവുങ്കര-മാർക്കറ്റ് റോഡിന് 316 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമാണുള്ളത്. ആശ്രമം കുന്ന് റോഡ് ഒരു കി.മീ. ദൂരവും 5.5 മീ. വീതിയുമുണ്ട്. നാളുകളായി തകർന്നുകിടക്കുന്ന റോഡ് ടാർ ചെയ്ത് നവീകരിക്കുന്നതിന് ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ എം.സി റോഡിന് സമാന്തരമായി പോകുന്ന ഇ.ഇ.സി മാർക്കറ്റ്-പുളിഞ്ചോട് റോഡിന്റെ നവീകരണം സ്ഥലം വിട്ടുകിട്ടുന്ന മുറക്ക് ആരംഭിക്കും. താമസിയാതെ റോഡുകളുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു.
പൂർണമായി തകർന്ന ആസാദ് റോഡിന്റെ കീച്ചേരിപ്പടി മുതൽ നഗരസഭ അതിർത്തിയായ കെ.എം.എൽ.പി.എസിന് സമീപം വരെയുള്ള ഭാഗമാണ് ടാർ ചെയ്യുന്നത്. റോഡിന് ഫണ്ട് അനുവദിച്ച് ഒരുവർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞു.
തകർന്ന റോഡ് മഴ ആരംഭിച്ചതോടെ കുണ്ടും കുഴിയുമായി മാറി. കീച്ചേരിപ്പടിയിൽ നിന്നാരംഭിച്ച് പായിപ്ര പഞ്ചായത്തിലെ മുളവൂർ പി.ഒ ജങ്ഷനിലൂടെ കോതമംഗലത്ത് എത്തിച്ചേരുന്ന റോഡ് മൂവാറ്റുപുഴ നഗരസഭ നാല്, അഞ്ച്, എട്ട് വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. നഗരസഭ പ്രദേശത്തെ ഒരു കിലോമീറ്റർ ദൂരത്തെ നിർമാണത്തിനാണ് ഫണ്ട് അനുവദിച്ചത്. നഗരസഭ പ്രദേശം കഴിഞ്ഞുള്ള പായിപ്ര പഞ്ചായത്തിലൂടെ കടന്നുപോകുന്ന ബാക്കി മൂന്നു കിലൊമീറ്റർ ദൂരം ബി.എം.ബി.സി നിലവാരത്തിൽ നവീകരണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു.
കിഴക്കേക്കര-ആശ്രമംകുന്ന് റോഡിന്റെ അവസ്ഥയും ഭിന്നമല്ല. ദേശീയപാതയിലെ വൺവേ ജങ്ഷനിൽ നിന്നാരംഭിച്ച് എവറസ്റ്റ് കവലയിൽ അവസാനിക്കുന്ന മാർക്കറ്റ് റോഡിന്റെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന മാർക്കറ്റ് ബസ്സ്റ്റാൻഡ് ഭാഗം മുതൽ എവറസ്റ്റ് കവല വരെയുള്ള ഭാഗത്താണ് റോഡ് പൂർണമായി തകർന്നിരിക്കുന്നത്.
ഇ.ഇ.സി മാർക്കറ്റ്-പുളിഞ്ചോട് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുത്ത് നൽകാത്തതുമൂലം നവീകരണം തൽക്കാലം നടക്കില്ല. ആദ്യം സ്ഥലംവിട്ടുനൽകാൻ തയാറായ സ്ഥലമുടമകൾ പിന്നീട് ഇതിൽനിന്ന് പിന്മാറുകയായിരുന്നു.