മട്ടാഞ്ചേരി: നഗരസഭയും സർക്കാറും കൈയൊഴിഞ്ഞെങ്കിലും കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ അന്തേവാസികളുടെ ദുരിത ജീവിതത്തിന് അറുതിയാകുന്നു. വ്യവസായിയായ എ.എം. നൗഷാദിന്റെ ഇടപെടലിലാണ് ആറു കുടുംബങ്ങൾക്ക് ഭവനം ഒരുങ്ങുന്നത്. 2021 ഒക്ടോബർ 15നാണ് കനത്ത കാറ്റിലും മഴയിലും ബിഗ് ബെൻ ഹൗസിന്റെ ചുവരിൽ വിള്ളൽ വീണത്. അപകടാവസ്ഥയിലായതോടെ ഇവിടെ താമസിച്ചിരുന്ന ആറു കുടുംബങ്ങൾ മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ മൂന്ന് വർഷമായി കഴിയുന്നത്. അപകടാവസ്ഥ കണക്കിലെടുത്ത് നഗരസഭ ഇടപെട്ട് ഇവരെ മാറ്റി താമസിപ്പിച്ചതോടെ മൂന്നു വർഷമായി ഇവർ ദുരിത ജീവിതം നയിച്ചുവരികയാണ്.
ഇവർക്ക് പുനരധിവാസവും മറ്റും നഗരസഭ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതിനിടെ സ്വന്തം ഭവനം കാണാനാകാതെ രണ്ടു പേർ മരണത്തിന് കീഴടങ്ങി. കമ്മ്യൂണിറ്റി ഹാളിൽ ഒരു സുരക്ഷിതത്വവുമില്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. സ്വകാര്യത പോലും നഷ്ടപ്പെട്ട കുടുംബങ്ങൾ ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇതോടെ ഗത്യന്തരമില്ലാതെ മൂന്ന് കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറി. വാടക കൊടുക്കാനുള്ള ശേഷിയില്ലെങ്കിലും കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് മാറാൻ നിർബന്ധിതരാവുകയായിരുന്നു. ബിഗ് ബെൻ കെട്ടിടത്തിന് വിള്ളൽ വീണപ്പോൾ ഉടൻ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പുമായി ജനപ്രതിനിധികൾ അടക്കമുള്ളവർ എത്തിയെങ്കിലും ഇവരെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയതോടെ എല്ലാം മന്ദഗതിയിലായി. വഖഫ് ബോർഡിന്റെ അധീനതയിലുള്ള കെട്ടിടമായതിനാൽ അറ്റകുറ്റ പണികൾ നടത്തുന്നതിന് അവരുടെ അനുവാദം വേണമായിരുന്നു. വഖഫ് ബോർഡ് അനുവാദം നൽകിയെങ്കിലും നവീകരണത്തിനുള്ള ഫണ്ട് വിലങ്ങുതടിയായി.
ഇതിനുശേഷം പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ അറ്റകുറ്റ പണികൾ നടത്താൻ സമ്മതവുമായി എത്തിയെങ്കിലും അവരും പിന്നിട് പിൻമാറി. ഇവരുടെ ദുരിതം കേട്ടറിഞ്ഞെത്തിയ എ.എം നൗഷാദ് നവീകരണ ചുമതല ഏറ്റെടുക്കുകയായിരുന്നു. ബിഗ്ബെൻ ഹൗസ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നൗഷാദ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ജോലികൾ തുടങ്ങിയത്. എട്ടു മാസത്തിനകമാണ് ജോലികൾ പൂർത്തീകരിക്കുന്നത്. ആറ് കുടുംബങ്ങൾക്കും അടുക്കള, ശുചിമുറി, കിടപ്പ് മുറി, ഹാൾ ഉൾപ്പെടെയാണ് കെട്ടിടം നവീകരിച്ചത്. നേരത്തേ ഇവർ ശുചിമുറി സംവിധാനത്തിന് വലിയ പ്രയാസം നേരിട്ടിരുന്നു. നവീകരണത്തിന്റെ അവസാന മിനുക്ക് പണികൾ മാത്രമേ ഇനി പൂർത്തിയാകാനുള്ളൂ. അടുത്ത മാസം പത്തിന് താമസക്കാർക്ക് താക്കോൽ കൈമാറുമെന്ന് എ.എം. നൗഷാദ് പറഞ്ഞു. ഐ.ജി പി. വിജയനാണ് താക്കോൽ കൈമാറുന്നത്.