അങ്കമാലി: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന് തീപിടിച്ചു. ഉടൻ കെടുത്തിയതിനാൽ ദുരന്തം ഒഴിവായി. ചെങ്ങമനാട് ദേശം കുന്നുംപുറം ബസ് സ്റ്റോപ്പിനുസമീപം ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.
അങ്കമാലി ഡിപ്പോയിൽനിന്ന് 7.50ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് ബസിലാണ് അഗ്നിബാധയുണ്ടായത്. ബസിന്‍റെ മുൻവശത്തുനിന്ന് കനത്ത തോതിൽ പുക ഉയർന്നതോടെ ഡ്രൈവർ വഴിയോരത്ത് നിർത്തുകയായിരുന്നു.
20 സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 38 യാത്രക്കാരെയും ഉടൻ പുറത്തിറക്കി. അപ്പോഴേക്കും ബസിനകത്തും പുക നിറഞ്ഞു. അപ്പോഴാണ് കൊരട്ടി ഇൻഫോ പാർക്കിലേക്ക് പോവുകയായിരുന്ന എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിലെ ഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി കാർത്തിക് സുനിലും സുഹൃത്തുക്കളും അതുവഴിയെത്തിയത്.
അവരുടെ വാഹനത്തിലെ ഫയർ ഗ്യാസ് എക്സ്റ്റിങ്ഗ്യുഷറുമായി പാഞ്ഞെത്തി ബസിനടിയിലിരുന്ന് കാർത്തിക് എല്ലാ ഭാഗത്തെയും പുക നിർവീര്യമാക്കുകയായിരുന്നു. അപ്പോഴേക്കും ആലുവയിൽനിന്ന് അഗ്നി രക്ഷാസേനയുമെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.