മൂവാറ്റുപുഴ: തണൽ മരങ്ങൾ വളർന്ന് മരച്ചില്ലകൾ പടർന്നുപന്തലിച്ചതോടെ നഗരത്തിലെ സ്ഥലസൂചിക ബോർഡുകൾ പലതും കാണാമറയത്തായി. എം.സി. റോഡ് അടക്കം മൂന്നു സംസ്ഥാന പാതകളും ദേശീയ പാതയും കടന്നുപോകുന്ന നഗരത്തിലെ തണൽ മരങ്ങളാണ് ബോർഡുകൾ മറക്കുന്നത്.
ഇതിനുപുറമെ, മരങ്ങൾ പലതും ഇലകളും ചില്ലകളും ഇടതൂർന്ന് വളർന്നതോടെ അപകട ഭീഷണിയും ഉയർത്തുകയാണ്. വെട്ടി നീക്കിയില്ലങ്കിൽ വാഹന യാത്രികർക്ക് ബുദ്ധിമുട്ടാകുന്ന വിധത്തിൽ റോഡുകളുടെ മധ്യത്തിലേക്ക് വളർന്നു പടർന്നു നിൽക്കുന്ന മരച്ചില്ലകൾ അപകടങ്ങൾക്കിടയാക്കും. റോഡിന്റെ പലഭാഗത്തും സ്ഥല സൂചിക ബോർഡുകൾ മരച്ചില്ലകൾക്കുള്ളിൽ മറഞ്ഞതുമൂലം ദൂരദിക്കുകളിൽ നിന്നും വരുന്ന വാഹന യാത്രക്കാർ വട്ടം കറങ്ങുകയാണ്. പലരും പല വഴികളിലും തിരിഞ്ഞും മറിഞ്ഞും പോകേണ്ട അവസ്ഥയിലാണ്.
രാത്രികാലങ്ങളിൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്തതിനാൽ അപകടങ്ങളും ഉണ്ടാകുന്നുണ്ട്. നഗരമധ്യത്തിലെ തണൽ മരങ്ങൾ അധികവും റോഡിലെ മീഡിയനിലാണ് സ്ഥിതിചെയ്യുന്നത്. മരങ്ങച്ചില്ലകൾ മുറിച്ചുനീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പലരും പരാതിയുമായി രംഗത്തുവന്നെങ്കിലും ഇത് തങ്ങളുടെ വകുപ്പിൽപ്പെട്ടതല്ലന്ന നിലപാടിലാണ് മുനിസിപ്പൽ, പൊതുമാരമത്ത് അധികൃതർ. കഴിഞ്ഞദിവസം കോതമംഗലത്ത് മരം കാറിനു മുകളിൽ വീണ് അപകടമുണ്ടായതോടെ ഇക്കാര്യങ്ങളുൾ ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവന്നിരുന്നു.
തദ്ദേശ, പൊതുമരാമത്ത് വകുപ്പുകൾ കൈമലർത്തിയതോടെ ഇനി ആരെ സമീപിക്കുമെന്നറിയാതെ ഉഴലുകയാണ് നാട്ടുകാർ. കാലവർഷം ശക്തി പ്രാപിക്കാനിരിക്കെ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യത്തിൽ അപകടങ്ങൾ തടയാൻ മരച്ചില്ലകൾ നീക്കി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യമാണുയരുന്നത്.