ആലുവ: കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിന് ആലുവ റെയിൽവേ സ്റ്റേഷൻ തെരഞ്ഞെടുക്കുന്നതിന് കാരണങ്ങൾ പലത്. അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി ട്രെയിനിറങ്ങുന്ന സ്റ്റേഷനാണ് ആലുവ. ഉത്തരേന്ത്യയിൽനിന്ന് വരുന്ന ഷാലിമാർ എക്സ്പ്രസ് പോലെയുള്ള ട്രെയിനുകൾ ആലുവയിലെത്തിയാൽ സ്റ്റേഷനിൽ വലിയ തിരക്കാണുണ്ടാവുക.
ഇതിനിടയിൽ പൊലീസിനോ എക്സൈസിനോ ഒരോരുത്തരെയായി പരിശോധിക്കാൻ കഴിയില്ല. അതിനാൽ, തിരക്കിനിടയിലൂടെ ഏജൻറുമാർ ലഹരിമരുന്ന് കൈമാറി സുരക്ഷിതമായി കൊണ്ടു പോകും. പൊതുവിൽ, സംശയം തോന്നുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ബാഗുകളാണ് പരിശോധിക്കാറുള്ളത്. പരിശോധനകളിൽ പെടാതിരിക്കാൻ സ്ത്രീകളുടെ ശരീരത്തിൽ ഒളിപ്പിച്ചും ലഹരി കടത്തുന്നുണ്ട്. സ്ത്രീകളുടെ ദേഹപരിശോധനക്ക് പരിമിതികളുള്ളത് ഇടപാടുകാർക്ക് സൗകര്യമാകുന്നു.
ഞായറാഴ്ച്ച മുപ്പത്തടത്ത് നിന്ന് ഹെറോയിനുമായി പിടിയിലായ സ്ത്രീ ഇത്തരത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് റെയിൽവേ സ്റ്റേഷൻ വഴി ലഹരി കടത്തിയത്. അസം നൗഗോൺ, അബാഗൻ സ്വദേശി ബഹറുൾ ഇസ്ലാം (കബൂത്തർ സേട്ട് -24), വെസ്റ്റ് ബംഗാൾ, നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീൻ (18) എന്നിവരാണ് പിടിയിലായത്. ആലുവക്കടുത്ത് മുപ്പത്തടത്ത് ഇവർ താമസിക്കുന്നുണ്ടെന്നറിഞ്ഞ് എക്സൈസ് സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് 33 ഗ്രാം ഹെറോയിനും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഉപഭോക്താക്കളുടെ ഇടയിൽ ‘ബംഗാളി ബീവി’ എന്നറിയപ്പെടുന്ന ടാനിയ പർവീൻ ഹെറോയിൻ അടങ്ങിയ പ്ലാസ്റ്റിക് ബോക്സുകൾ ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് കെട്ടി വച്ചാണ് ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തിയിരുന്നത്.