കാക്കനാട്: ഡി.എല്‍.എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍നിന്ന് ആരോഗ്യ വകുപ്പ് പരിശോധനക്കയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളം എന്നിവയില്‍നിന്നായി 46 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇവയില്‍ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയ സാന്നിധ്യം കാണുന്നുണ്ട്.
ആരോഗ്യ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിവരുന്നു. 4095 ആളുകളാണ് 15 ടവറുകളിലായി ഫ്ലാറ്റില്‍ താമസിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ആരോഗ്യ വകുപ്പ് ഫ്ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകള്‍ രണ്ടുനേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി വരുന്നതായും മന്ത്രി പറഞ്ഞു.
ഇതുവരെ 492 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നിർദേശമനുസരിച്ച് പ്രത്യേക സർവേയും നടന്നു. ചികിത്സയിലുള്ള രണ്ടുപേരില്‍നിന്ന് രണ്ട് സാമ്പിളുകള്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും എന്‍.ഐ.വി ആലപ്പുഴ യൂനിറ്റിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്. മൂന്ന് കുടിവെള്ള സാമ്പിളുകള്‍കൂടി പരിശോധനക്കെടുത്തിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് അടിയന്തര വൈദ്യസഹായത്തിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.