പറവൂർ: സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തി സ്മാർട്ട് വില്ലേജായി അവതരിപ്പിച്ച കോട്ടുവള്ളി വില്ലേജ് ഓഫിസ് ഒട്ടും സ്മാർട്ട് അല്ലെന്ന് നാട്ടുകാർ. ഓഫിസറടക്കം ജീവനക്കാരുടെ പിന്തിരിപ്പൻ മനോഭാവം വിവിധ സർട്ടിഫിക്കറ്റുകൾക്കായി കയറിയിറങ്ങുന്നവരുടെ മനം മടുപ്പിക്കുന്നതാണ്. ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷകൾ നൽകി ദിവസങ്ങളേറെ കാത്തിരിന്നിട്ടും വില്ലേജിൽനിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിന് കാരണം തിരക്കി എത്തുന്നവർ വില്ലേജ് ഓഫിസറെ കാണണമെങ്കിൽ ഏറെനേരം വരി നിൽക്കണം. എന്നാലും വ്യക്തതയില്ലാത്ത മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മടക്കി അയക്കാറാണ് പതിവ്. ചെറിയ കാര്യങ്ങൾക്കു പോലും പലവട്ടം കയറിയിറങ്ങണമെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത സ്മാർട്ട് വില്ലേജ് ഓഫിസാണിത്. എന്നാൽ പൊതുജനങ്ങൾക്കു വേണ്ടി യാതൊരുവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. കവാടത്തിൽ പൊതുജനങ്ങൾക്ക് എന്ന് തോന്നുംവിധം പായൽ പിടിച്ച പ്ലാസ്റ്റിക് ജാറുകളിൽ വെള്ളം സൂക്ഷിച്ചിട്ടുണ്ട്. ജീവനക്കാരുടെ മനോഭാവം പ്രകടമാകുന്നതാണിതെന്ന് സമീപത്തെ ഒരു വ്യാപാരി പറഞ്ഞു.
അപേക്ഷിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ജാതി സർട്ടഫിക്കറ്റ് ലഭിക്കാതിരുന്നത് അന്വേഷിക്കാനെത്തിയ വനിത അഭിഭാഷകയെ ലാപ്ടോപ്പ് ഓഫാക്കിയതിനാൽ ‘നാളെ’ പരിശോധിച്ചിട്ട് പറയാമെന്ന് പറഞ്ഞാണ് ഓഫിസർ കഴിഞ്ഞ ദിവസം മടക്കിയത്. ജില്ലയിലെ തന്നെ വലിയ വില്ലേജ് ഓഫിസുകളിൽ ഒന്നാണ് കോട്ടുവള്ളി. 21 വാർഡുകളുള്ള കോട്ടുവള്ളി പഞ്ചായത്തിന് പുറമെ ഏഴിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെയും പറവൂർ നഗരസഭയുടെയും ഭാഗങ്ങൾ കൂടി കോട്ടുവള്ളി വില്ലേജ് ഓഫിസിന്റെ പരിധിയിൽ വരുന്നതാണ്. വില്ലേജ് ഓഫിസർക്കെതിരെ ഭീമഹരജി തയാറാക്കി അധികാരികൾക്ക് നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.