വൈപ്പിന്‍: വിലക്കുകള്‍ ലംഘിച്ച് യുവാക്കൾ ഐ.ഒ.സി ഗ്യാസ് പ്ലാന്റിന്റെ പടിഞ്ഞാറെ മതിലിനരികിലൂടെ കടലിലേക്കിറങ്ങിയതാണ് ദുരന്തത്തിൽ കലാശിച്ചത്. തെക്കന്‍മേഖലയിലെ പുതുവൈപ്പ്, വളപ്പ് ബീച്ചുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആറോളം ജീവനാണ് പൊലിഞ്ഞത്.
ബീച്ചുകളിലൊന്നും തന്നെ ഒരുവിധ പ്രാഥമിക സുരക്ഷാ സംവിധാനങ്ങളുമില്ല. ബീച്ചുകളുടെ വികസനത്തിന് കോടികളുടെ പ്രഖ്യാപനം ഉണ്ടാകുന്നതല്ലാതെ പ്രാഥമിക സൗകര്യങ്ങള്‍പോലും ഏര്‍പ്പെടുത്തുന്നില്ല. അപകടം നടന്ന പുതുവൈപ്പില്‍ രാവിലെ രണ്ട് മണിക്കൂറോളം രണ്ട് ക്ലബുകളുടെ നീന്തല്‍ പരിശീലനം നടക്കുന്നതാണ് രക്ഷയായത്. മറ്റ് സമയങ്ങളില്‍ പലപ്പോഴും സഞ്ചാരികള്‍ മാത്രമാണ് ഉണ്ടാവുക. അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മത്സ്യത്തൊഴിലാളികളടക്കമുള്ള നാട്ടുകാര്‍ കാണിക്കുന്ന ജാഗ്രതയാണ് വലിയ ദുരന്തങ്ങള്‍ ഒഴിവാകുന്നതിന് കാരണമാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കടല്‍ പൊതുവേ ശാന്തമാണെങ്കിലും അടിവലിവുള്ള ഇടമാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കടലിലേക്ക് ഇറങ്ങിയാല്‍ തനിയെ ആഴങ്ങളിലേക്ക് നീങ്ങിനീങ്ങിപ്പോകുന്ന രീതിയാണിവിടെ.
എന്നാല്‍, ഇതൊന്നും അറിയാതെ വരുന്ന സന്ദര്‍ശകർ ഇതുപോലെ അപകടത്തില്‍പെടുകയാണ്. വിവാഹ ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ടും പലയിടങ്ങളിൽനിന്നായി നിരവധി പേരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ ബോയകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പലപ്പോഴും ഫലപ്രദമാകുന്നില്ല. കടലില്‍ കുളിക്കാനിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് അപകടസൂചന നല്കുന്ന ഒരു സംവിധാനവും ഇവിടെയില്ല. വരുന്നവര്‍ക്ക് അപകടത്തെക്കുറിച്ച് നിര്‍ദേശം നല്‍കാനും ആരുമില്ല. നാട്ടുകാര്‍ പറയുന്നതാകട്ടെ സന്ദര്‍ശകര്‍ വകവെക്കുന്നുമില്ല. പ്രാദേശികമായി പരിശീലനം നല്കി ലൈഫ് ഗാര്‍ഡുകളെ നിയമിച്ചാല്‍ പോലും ഒരു പരിധി വരെ അപകടങ്ങള്‍ക്ക് തടയിടാന്‍ കഴിയും.
ബീച്ചുകളിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുമ്പോഴും അത്തരം കാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ഒരു തരത്തിലുള്ള നടപടിക്കും മുന്‍കൈയെടുക്കാത്തതില്‍ പ്രദേശവാസികളില്‍ വലിയ എതിര്‍പ്പാണുള്ളത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വേണ്ട സുരക്ഷയും പ്രാഥമിക സൗകര്യങ്ങളും ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.