മൂവാറ്റുപുഴ: വാളകത്ത് സദാചാര ഗുണ്ട ആക്രമണത്തിൽ അരുണാചൽ സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി ഉൾപ്പെട്ടതായി സൂചന. അറസ്റ്റിലായ പത്തുപേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്നാണ് രണ്ടുപേർ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചത്.
ഇവരെക്കുറിച്ച് യുവതികൾ നൽകിയ മൊഴിയിലും പരാമർശിച്ചിട്ടുണ്ട്. കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കാനും നാലും എട്ടും പ്രതികൾ സംഭവ ദിവസം ധരിച്ച വസ്ത്രങ്ങൾ വീണ്ടെടുക്കാനുമാണ് പൊലീസ് മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞ 10 പേരെ കസ്റ്റഡിയിൽ വാങ്ങിയത്. നാലും എട്ടും പ്രതികൾ സംഭവ സമയത്തു ധരിച്ച വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പും പൂർത്തിയാക്കി. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഇവരെ കോടതിയിൽ ഹാജരാക്കി.