കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ മുല്ലശ്ശേരി കനാല്‍ റോഡിൽ കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാല് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് ബറൂത് ഭാഗ്പത് ശതാബ്ദി നഗർ അശ്വിനി ഗോൾകർ (27), യു.പി ഗാസിയാബാദ് സെക്ടർ രാജേന്ദ്രനഗർ കുശാൽ ഗുപ്ത (27), രാജസ്ഥാൻ ശ്രീഗംഗ നഗർ വിനോബാബ സ്ട്രീറ്റ് ഉത്കർഷ് (25), ഹരിയാന സോനിപറ്റ് ഗോഹാന വിഷ്ണു നഗർ ദീപക് (26) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുല്ലശ്ശേരി കനാൽ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായെ പ്രതികൾ ചെരിപ്പിന് എറിയുകയും കുരകേട്ട് പുറത്തുവന്ന വിനോദ് എന്തിനാണ് നായെ ഉപദ്രവിച്ചതെന്ന് ചോദിച്ചത് തർക്കത്തിൽ എത്തുകയുമായിരുന്നു.
തുടർന്ന് പ്രതിയായ അശ്വിനി ഗോൾകർ കഴുത്തിൽ കൈകൊണ്ട് ചുറ്റിപ്പിടിക്കുകയും മറ്റു പ്രതികൾ വിനോദിനെ മർദിക്കുകയുമായിരുന്നു. വിനോദിന്റെ ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രതികൾ അവിടെനിന്ന് കടന്നുകളഞ്ഞെങ്കിലും വിവേകാനന്ദ റോഡിൽനിന്ന് പൊലീസ് പിടികൂടി. വിനോദിന്റെ നില ഗുരുതരമായി തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.