കൊച്ചി: രാത്രി വാഹനങ്ങളിൽ വഴിയോരത്തും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർ, ചെറിയ പാക്കറ്റുകൾ മുതൽ വലിയ ചാക്കുകളിൽ വരെ മാലിന്യം പൊതുസ്ഥലത്തിടുന്നവർ, പ്രകൃതിക്കും വന്യജീവികൾക്കും ഭീഷണിയാകും വിധം വനമേഖലകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം നിക്ഷേപിക്കുന്നവർ എന്നിങ്ങനെ നീളുകയാണ് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച് കുടുങ്ങിയവരുടെ വിവരങ്ങൾ. നടപടികൾ കർശനമാക്കി തദ്ദേശ സ്ഥാപനങ്ങൾ രംഗത്തെത്തിയതോടെ ഇത്തരക്കാരിൽനിന്ന് പിഴയായി സർക്കാറിലെത്തിയത് 2,66,95,541 രൂപയാണ്. പൊതുസ്ഥലത്തെ മാലിന്യനിക്ഷേപത്തിന് 2739 കേസും രജിസ്റ്റർ ചെയ്തു. 2024 ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 15 വരെയുള്ള കണക്കാണിത്.
ഇത്തരക്കാർക്ക് മാലിന്യം നീക്കുന്നതിന് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയുമായിരുന്നു. കേരള പഞ്ചായത്തീരാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് മാലിന്യനിക്ഷേപത്തിന് തദ്ദേശ സ്ഥാപനങ്ങൾ പിഴ ഈടാക്കുന്നത്. മാലിന്യനിക്ഷേപം തടയാൻ പലയിടത്തും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
സ്ഥിരമായി മാലിന്യനിക്ഷേപമുണ്ടാകുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് രാത്രി പരിശോധനക്ക് നിരീക്ഷണ സ്ക്വാഡുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരടക്കം നിരീക്ഷണം കർശനമാക്കിയതോടെയാണ് കേസുകൾ വർധിച്ചത്. പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് ഫോട്ടോ/ വിഡിയോ പകർത്തി തദ്ദേശ സ്ഥാപനങ്ങളിൽ അറിയിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി.
ഇക്കഴിഞ്ഞ ഗാന്ധിജയന്തിദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30ലെ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീളുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനും മുന്നോട്ടുപോകുകയാണ്. സമ്പൂർണ ശുചിത്വകേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി ആവശ്യമായ ഇടങ്ങളിൽ എ.ഐ കാമറകളും സ്ഥാപിക്കും.