മട്ടാഞ്ചേരി: എൽ.കെ.ജി വിദ്യാർഥിനിയെ സ്കൂളിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കണ്ണമാലി പുത്തൻതോട് മണിയാമുഴി വീട്ടിൽ സച്ചിനെയാണ് (29) തോപ്പുംപടി പൊലീസ് സബ് ഇൻസ്പെക്ടർ സിനു ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ തോപ്പുംപടിയിലെ സ്കൂളിൽനിന്നാണ് കുട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചത്.
സ്കൂളിലെത്തിയ ഇയാൾ കണ്ണമാലി ചെറിയകടവ് സ്വദേശിനിയായ കുട്ടിയുടെ പേരു പറഞ്ഞ്, വീട്ടിൽനിന്ന് വഴക്കിട്ടുപോയ സഹോദരനാണെന്നും കൂട്ടിക്കൊണ്ടു പോകണമെന്നും പറഞ്ഞാണ് അധ്യാപികയെ സമീപിച്ചത്. സംശയം തോന്നിയ അധ്യാപിക കുട്ടിയുടെ മാതാവിന് ഫോൺ ചെയ്തപ്പോൾ കുട്ടിക്ക് അങ്ങനെയൊരു സഹോദരനില്ലെന്ന് പറഞ്ഞു. തുടർന്ന് ഇങ്ങനെയൊരു കുട്ടി ഇവിടെ പഠിക്കുന്നില്ലെന്ന് അധ്യാപിക പറഞ്ഞതോടെയാണ് ഗേറ്റിന് പുറത്ത് കാത്തുനിന്ന ഇയാൾ മടങ്ങിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത തോപ്പുംപടി പൊലീസ് സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണമാലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.