മൂവാറ്റുപുഴ: ഫണ്ടില്ലാത്തതുമൂലം ഉണക്ക മത്സ്യ മാർക്കറ്റ് നിർമാണം വ്യാപാരികളുടെ പങ്കാളിത്തത്തോടെ നടത്താമെന്ന നിർദേശവുമായി നഗരസഭ. രണ്ടുതവണ ഫണ്ട് അനുവദിച്ചെങ്കിലും തുക വകമാറ്റിയതിനെത്തുടർന്ന് നിർമാണം പ്രഖ്യാപനത്തിൽ ഒതുങ്ങുകയായിരുന്നു.
ഇതിനിടെ, ഉണക്ക മത്സ്യ മാർക്കറ്റ് മാലിന്യം നിറഞ്ഞ് പ്രദേശവാസികൾക്കാകെ ദുരിതം വിതച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് കഴിഞ്ഞദിവസം മാർക്കറ്റിലെ വ്യാപാരികളുടെ അടിയന്തരയോഗം വിളിച്ചുചേർത്ത് ഇവരുടെകൂടി സഹായത്തോടെ മാർക്കറ്റ് നിർമിക്കാമെന്ന നിർദേശം മുന്നോട്ടുെവച്ചത്. നിലവിൽ കീച്ചേരിപ്പടി – റോട്ടറി റോഡ് വഴിയരികിലെ 10 സെൻറ് സ്ഥലത്തെ ഓല ഷെഡിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. നിലവിലെ 16 വ്യാപാരികൾക്കായി 16 മുറികളോടെ മാർക്കറ്റ് നിർമിച്ചുനൽകാമെന്നാണ് നഗരസഭ അറിയിച്ചത്.
1.60 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടം നിർമിക്കാൻ പകുതി പണം നൽകാനാണ് ഇവിടെ നിലവിൽ കച്ചവടം നടത്തുന്നവരോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് പലരും തയാറായിട്ടില്ല. സാമ്പത്തികശേഷി കുറഞ്ഞവരാണ് ഇവരിൽ പലരും. അടുത്ത ദിവസം വീണ്ടും യോഗം ചേരുന്നുണ്ട്. ഇതിൽ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികൃതർ. ബസ് സ്റ്റാൻഡ് നവീകരണഭാഗമായി രണ്ടരപ്പതിറ്റാണ്ട് മുമ്പാണ് ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായിരുന്ന പച്ചക്കറി, ഉണക്കമത്സ്യം, ഇറച്ചി മാർക്കറ്റുകൾ ഇവിടേക്ക് മാറ്റിയത്.
പച്ചക്കറി മാർക്കറ്റിനും ഇറച്ചി മാർക്കറ്റിനും കെട്ടിടം നിർമിെച്ചങ്കിലും ഉണക്കമീൻ മാർക്കറ്റ് റോഡരികിലെ താൽക്കാലിക ഷെഡിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന ഉണക്കമീൻ മാർക്കറ്റ് നവീകരണത്തിന് ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. കഴിഞ്ഞ കൗൺസിലുകൾ രണ്ടുതവണ പണം അനുവദിെച്ചങ്കിലും ഇത് വകമാറ്റി. കഴിഞ്ഞ തവണ 12 ലക്ഷം രൂപയും അതിനു മുമ്പ് ഒമ്പതുലക്ഷം രൂപയുമാണ് വകയിരുത്തിയിരുന്നത്. ചില്ലറ വിൽപനക്കുപുറമെ മൊത്ത വ്യാപാരവും ഇവിടെ നടക്കുന്നുണ്ട്. മാലിന്യങ്ങൾ ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതുമൂലം മാർക്കറ്റിലെ ഉപ്പുകലർന്ന മലിനജലം റോഡിലേക്ക് ഒഴുകി എത്തുന്നുണ്ട്.