കൊച്ചി: ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്. ഒരു ദിവസം മാത്രം 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനിക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 260 പേർക്ക് രോഗം സംശയിക്കുന്നുമുണ്ട്. ശനിയാഴ്ചയാണ് 86 പേർക്ക് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. കളമശ്ശേരിയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച 16 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കളമശ്ശേരി-16, വെണ്ണല-മൂന്ന്, എടത്തല, ചൂർണിക്കര, കലൂർ, തമ്മനം-രണ്ട്, ആലുവ, കാക്കനാട്, രായമംഗലം, വല്ലാർപ്പാടം എന്നിവിടങ്ങളിൽ ഒന്നു വീതമാണ് രോഗം സ്ഥിരീകരിച്ചത്. 30 പേർക്ക് രോഗം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച അഞ്ചു പേർക്ക് രോഗം സ്ഥിരീകരിക്കുകയും 29 പേർക്ക് സംശയിക്കുകയും ചെയ്തു. ശനിയാഴ്ച കളമശ്ശേരിയിൽ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച സ്ഥിരീകരിച്ച 14 പേരിൽ ആറു പേരും കളമശ്ശേരിയിലാണ്. വ്യാഴാഴ്ച സ്ഥിരീകരിച്ച് പത്തു പേരിൽ എല്ലാവരും കളമശ്ശേരിയിലാണ്.
ബുധനാഴ്ച ആകെ 48 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 55 പേർക്ക് പനി സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തു. ഇതിൽ കളമശ്ശേരിയിൽ 19 പേരുണ്ട്. ചൊവ്വാഴ്ച 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 29 പേർക്ക് സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തു.