മരട്: നഗരസഭയുടെ നിരന്തര ഇടപെടലിനെ തുടർന്ന് അയിനിത്തോട് കായലിൽ ചെന്ന് ചേരുന്ന ഭാഗത്ത് ചളി നീക്കം ചെയ്ത് ആഴം കൂട്ടി മേജർ ഇറിഗേഷൻ വകുപ്പ്. കായലിലെ ചളി നീക്കം ചെയ്യുന്നതിന് നഗരസഭക്ക് അനുമതി ഇല്ലാത്തതിനാലാണ് മേജർ ഇറിഗേഷൻ വകുപ്പിന്റെ സഹായം നഗരസഭ തേടിയത്. ഓപറേഷൻ വാഹിനി എന്ന പദ്ധതിയിൽ പെടുത്തിയാണ് ആഴം കൂട്ടുന്നത്. നഗരസഭയിലെ ഒമ്പതു വാർഡുകളിലൂടെ കടന്നുവരുന്ന ഈ തോട് രണ്ടുവർഷം മുമ്പ് വരെ ചെറിയ മഴ പെയ്താലും വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശമായിരുന്നു. വീട്ടിൽ വെള്ളം കയറുന്നത് മൂലം തറകൾ ഉയർത്തിയ പല വീടുകളും ഈ പരിസരത്ത് ഉണ്ടായിരുന്നു. നഗരസഭയുടെ ദീർഘവീക്ഷണത്തോടുള്ള കൃത്യമായ പദ്ധതിയാണ് ഈ സാഹചര്യം ഒഴിവാക്കിയത്. കൈയേറ്റം ഒഴിപ്പിക്കുകയും തോടിന് ആഴം കൂട്ടി നീരൊഴുക്കിന് തടസ്സമാകുന്ന ഭാഗങ്ങളുടെ ഗതിമാറ്റുകയും പൊക്കം കുറഞ്ഞ കൽവെർട്ടുകൾ മാറ്റി ഉയർന്ന കൽവർട്ടുകൾ നിർമിക്കുകയും ചെയ്തു. മഴക്കാലത്തിനു മുമ്പ് തന്നെ തോടിലെ ചെളി നഗരസഭ നീക്കംചെയ്തു വരുന്നതായി നഗരസഭ അധ്യക്ഷൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.
ഇത്തവണ ഓപറേഷൻ വാഹിനി പദ്ധതിയിൽ പെടുത്തി നഗരസഭയുടെ പരിധിയിൽ വരാത്ത കായലിൽ ചെന്ന് ചേരുന്ന ഭാഗത്ത് മേജർ ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ ആഴം കൂട്ടിയതോടെ നീരൊഴുക്ക് കൂടുതൽ സുഗമമായി. മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ലിപി പി. മാർക്കോസ്, എക്സി.എൻജിനീയർ ആർദ്ര സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. നഗരസഭ അധ്യക്ഷൻ ആന്റണി ആശാംപറമ്പിൽ, ഉപാധ്യക്ഷ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷരായ ശോഭ ചന്ദ്രൻ, റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, കൗൺസിലർ ചന്ദ്രകലാധരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.