ആലുവ: ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുകുന്നതിന്റെ ഭാഗമായി കലുങ്ക് -കാന നവീകരണങ്ങൾ നടത്താൻ തീരുമാനിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നഗരസഭ വിളിച്ച വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതടക്കമുള്ള കർമപദ്ധതിക്ക് രൂപം നല്‍കിയത്. മുനിസിപ്പൽ ബസ് സ്റ്റാന്‍ഡിന് മുന്നിലെ കാന നവീകരിക്കാൻ കൊച്ചി മെട്രോയെ ചുമതലപ്പെടുത്തി. ബസ് സ്റ്റാന്‍ഡിന് മുന്നില്‍ മാര്‍ക്കറ്റ് റോഡിന് കുറുകെയുള്ള കലുങ്ക് പുനര്‍നിര്‍മിക്കാൻ പൊതുമരാമത്ത് വകുപ്പിനാണ് ചുമതല. കലുങ്കിലെ കേബിളുകള്‍ മാറ്റും. റെയില്‍വേ സ്റ്റേഷന് സ്ക്വയറിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ റെയില്‍വേയോട് ആവശ്യപ്പെടും.
ബൈപ്പാസ് മേൽപ്പാലത്തിന് അടിയിലൂടെ ദേശീയപാതക്ക് കുറുകെ എന്‍.എച്ച്.എ.ഐ നിര്‍മിച്ച മൂന്ന് കലുങ്കുകള്‍ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കാൻ ദേശീയപാത അധികൃതരെ ചുമതലപ്പെടുത്തി. ബൈപാസ് കവലയിൽ കോഡര്‍ ലെയിനില്‍ കാനയും കലുങ്കും നിര്‍മിച്ച് മഴവെള്ളം പുഴയിലേക്ക് ഒഴുക്കാനുള്ള സാധ്യത പഠിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. വിവിധ വാര്‍ഡുകളില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന ചെമ്പകശേരി അമ്പലത്തിനു സമീപമുള്ള പ്രധാന കാന പുനര്‍നിര്‍മിക്കും. തോട്ടക്കാട്ടുകര ശാന്തി ലെയിനിലെ വെള്ളം ഒഴുകി പോയിരുന്ന മണപ്പുറം റോഡിലെ കലുങ്ക് അടഞ്ഞത് തുറക്കും.
കാനകളിലേക്ക് വ്യാപാര സ്ഥാപനങ്ങള്‍ മലിനജലം ഒഴുക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാൻ തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയര്മാന് എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. രാജഗോപാല്‍ (എന്‍.എച്ച്.എ.ഐ), മുഹമ്മദ് ബഷീര്‍, (അസി.എക്സി.എൻജിനീയര്‍, പി.ഡബ്ല്യു.ഡി), ദീപ പോള്‍, (അസി.എക്സി.എഞ്ചിനീയര്‍ വാട്ടര്‍ അതോറിറ്റി ), ജോ പോള്‍ (കെ.എം.ആര്.എല്‍), നഗരസഭ ഡെപ്യൂട്ടി ചെയര്പേഴ്സൻ സൈജി ജോളി, സ്ഥിരം സമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തുറ, മിനി ബൈജു, എം.പി. സൈമണ്‍, ലിസ ജോണ്സണ്, ഫാസില്‍ ഹുസൈന്, നഗരസഭ സെക്രട്ടറി പി.ജെ. ജെസിത, മുനിസിപ്പല്‍ എൻജിനീയര്‍ ബേസില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.