പെരുമ്പാവൂര്‍: എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങളുമായി മലയാളി ഉൾപ്പെടെ അഞ്ചുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശിയായ പാളിപ്പറമ്പില്‍ വീട്ടില്‍ സുബൈര്‍, അസം സ്വദേശികളായ റെബ്ബുള് ഹുസൈന്, ഹെലാല്‍ അഹമ്മദ്, മിറസുല്‍, അബ്ദുല്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സൗത്ത് വല്ലം, പാറപ്പുറം എന്നിവിടങ്ങളില്‍നിന്നാണ് 60 ചാക്കുകളിലായി 1500 കിലോയോളം വരുന്ന പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തത്. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മീഠാപാന്‍ എന്നറിയപ്പെടുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തവയില്‍ അധികവും. ബംഗളൂരുവില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ആലുവയില്‍ എത്തിക്കുന്ന സാധനങ്ങള്‍ പാസഞ്ചര്‍ ഓട്ടോറിക്ഷകളിൽ പെരുമ്പാവൂരിലുള്ള ഗോഡൗണുകളില്‍ എത്തിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുകയാണ്. സാധനങ്ങള്‍ കടത്താന്‍ ഇവരെ സഹായിക്കുന്ന നാട്ടുകാരായ ഓട്ടോറിക്ഷ തൊഴിലാളികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇ.ഇ. ആൻഡ് എ.എന്‍.എസ്.എസ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദ്, മാമല റേഞ്ച് ഇന്‍സ്പെക്ടര്‍ വി. കലാധരന്‍, പെരുമ്പാവൂര്‍ റേഞ്ച് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.സി. തങ്കച്ചന്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, പി.കെ. ബിജു, ചാള്‍സ് ക്ലാര്‍വിന്‍, പ്രിവന്റിവ് ഓഫിസര്‍മാരായ പി.ബി. ഷിബു, സി.പി. ജിനീഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.ആര്. രാജേഷ്, പി.വി. വികാന്ത്, സിബുമോന്‍, ഫെബിന് എല്‍ദോസ്, ജിതിന് ഗോപി, എം.എം. അരുണ്‍കുമാര്‍, അബ്ദുല്ലകുട്ടി, സുഗത ബീവി, ടിനു എന്നിവര്‍ പങ്കെടുത്തു.