മൃതദേഹവുമായി പ്രതിഷേധം: മാത്യു കുഴൽനാടനും ഷിയാസും അറസ്റ്റിൽ; പൊലീസ് ബസിന് നേരെ ആക്രമണം, സംഘർഷം

​കോ​ത​മം​ഗ​ലം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സ്​​​ത്രീ​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധിച്ചതിന് മാത്യു കുഴൽനാടൻ എം.എൽ.എയെയും എറണാകുളം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷി​യാ​സി​നെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച്​​ എം.എൽ.എമാരായ മാത്യു കുഴൽനാടനും എൽദോസ് കുന്നപ്പിള്ളിയും കോതമംഗലത്ത് അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരുന്നു. ഈ സമരപ്പന്തലിൽനിന്നാണ്​ തിങ്കളാഴ്ച രാത്രി ഇരുവരെയും പൊലീസ് പിടികൂടിയത്.

മൊത്തം 13 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട്​ അനാദരവ്​ തുടങ്ങിയ വകുപ്പുകളാണ്​ ഇവർക്കെതിരെ ചുമത്തിയത്​. റോഡ്​ ഉപരോധിച്ചതിന്​ ഡീൻ കുര്യാക്കോസ്​, മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം എന്നിവർക്കെതിരെയും കേസെടുത്തു.  വിവരമറിഞ്ഞ് രമേശ് ചെന്നിത്തലയും ഡീൻ കുര്യാക്കോസും സമരപന്തലിലെത്തി.

സംഘർഷത്തിൽ മൂന്ന്​ പൊലീസ്​ ജീപ്പുകൾക്ക്​ കേടുപാട്​ വരുത്തി. ഒരു ജീപ്പ്​ പൂർണമായും അടിച്ചുതകർത്തു. തുടർന്ന്​ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ്​ ലാത്തി വീശി. 

അറസ്റ്റ് തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ​ പ്രവർത്തകരുടെ ആക്രമണത്തിൽ പൊലീസ് വാഹനത്തിന്റെ ചില്ലുതകർന്നു. അറസ്റ്റിനെതിരെ രാത്രി 11.30ഓടെ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം തുടങ്ങി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. മാത്യു കുഴലനാടനെ കോതമംഗലം പൊലീസ് സ്റ്റേഷനിലും ഷിയാസിനെ ഊന്നുകൽ സ്റ്റേഷനിലുമാണ് എത്തിച്ചത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ അ​ടി​മാ​ലി കാ​ഞ്ഞി​ര​വേ​ലി മു​ണ്ടോ​ൻ രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര​(74)യുടെ മൃതദേഹവുമായി ബന്ധുക്കളും കോൺഗ്രസ് നേതാക്കളും റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധം നടത്തിയിരുന്നു​. കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നിന്ന് മൃ​ത​ദേ​ഹം എടുത്ത് ന​ഗ​ര​ത്തി​ൽ എത്തിച്ചായിരുന്നു പ്ര​തി​ഷേ​ധം. തുടർന്ന് ​മൃ​ത​ദേ​ഹം കി​ട​ത്തി​യ സ്​​െ​ട്ര​​ച്ച​ർ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത്​ റോ​ഡി​ലൂ​ടെ വ​ലി​ച്ച്​ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി വീണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

മൃതദേഹം മോ​ർ​ച്ച​റി​യി​ൽ നിന്നെടുത്തത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം മോ​ർ​ച്ച​റി​യി​ൽ പ്ര​വേ​ശി​ച്ച ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷി​യാ​സ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ, യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കും​പും​റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലാണ് മൃ​ത​ദേ​ഹം പു​റ​ത്തു​ക​ട​ത്തിയത്. തുടർന്ന് കൊ​ച്ചി- ധ​നു​ഷ്​​കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ എ​ത്തി​ച്ച് റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഉ​ച്ച​യോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം നാ​ട്ടു​കാ​രും യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന്​ പൂ​ർ​ണ​മാ​യും ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ശേ​ഷം മ​തി പോ​സ്റ്റ്മോ​ർ​ട്ട​മെ​ന്ന് ഇ​ന്ദി​ര​യു​ടെ കു​ടും​ബ​വും അ​റി​യി​ച്ചു. പൊ​ലീ​സും നേ​താ​ക്ക​ളും ത​മ്മി​ൽ വാ​ക്​​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​ൻ​ക്വ​സ്റ്റി​ന് വെ​ച്ച മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധ​ത്തി​നി​റ​ങ്ങു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ, ഡി.​സി.​സി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ്​ ഷി​യാ​സ്​ ഡി​വൈ.​എ​സ്.​പി​യെ പി​ടി​ച്ചു​ത​ള്ളി. ന​ടു​റോ​ഡി​ൽ മൃ​ത​ദേ​ഹ​ത്തെ അ​പ​മാ​നി​ച്ച​തി​ന് പൊ​ലീ​സ് ക​ണ​ക്കു​പ​റ​യേ​ണ്ടി വ​രു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് ക​യ​ർ​ത്തു. മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷ​മേ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ.

വൈ​കീ​ട്ട്​ മൂ​​ന്നോ​ടെ ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ചി​ല കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചു. ആന്റണി ജോൺ എം.​എ​ൽ.​എ​യു​മാ​യി സം​സാ​രി​ച്ച ക​ല​ക്ട​ർ മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ക്കാ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ വ​ന്ന അ​ഗ്​​നി​ര​ക്ഷാ​സേ​ന വാ​ഹ​നം തി​രി​ച്ച​യ​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ പി​ടി​കൂ​ടി പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ച പൊ​ലീ​സ് കൂ​ട്ട​മാ​യി എ​ത്തി മൃ​ത​ദേ​ഹം വെ​ച്ച ഭാ​ഗം വ​ള​ഞ്ഞു. ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി അ​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ളെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. സമരപ്പന്തൽ പൊളിച്ചുനീക്കി.

മൃ​ത​ദേ​ഹം ന​ഗ​ര​ത്തി​ലൂ​ടെ സ്ട്രെ​ച്ച​റി​ൽ വ​ലി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് എ​ത്തി​ച്ച് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു. പോ​സ്റ്റ്​​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി വൈ​കീ​ട്ട്​ 6.15ഓ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ത്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, മ​രി​ച്ച ഇ​ന്ദി​ര​യു​ടെ സ​ഹോ​ദ​ര​ൻ സു​രേ​ഷ് എ​ന്നി​വ​ർ​ക്ക് പൊ​ലീ​സ് ന​ട​പ​ടി​ക്കി​ടെ പ​രി​ക്കേ​റ്റു. യു.​ഡി.​എ​ഫ് എം.​എ​ൽ.​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ കോ​ത​മം​ഗ​ലം ഗാ​ന്ധി സ്​​ക്വ​യ​റി​ൽ ഉ​പ​വാ​സം ആ​രം​ഭി​ച്ചു. മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, റോ​ഷി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഇന്നലെ രാ​വി​ലെ 8.45ന് ​സ്വ​ന്തം പു​ര​യി​ട​ത്തി​ലാ​ണ് ഇ​ന്ദി​ര​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ആ​ടി​നെ കെ​ട്ടി​യ​ശേ​ഷം കൂ​വ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ആ​ക്ര​മ​ണം. ചീ​റി​യ​ടു​ത്ത കൊ​മ്പ​നാ​ന ആ​ദ്യം ചു​ഴ​റ്റി എ​റി​ഞ്ഞു. നി​ല​ത്തു​വീ​ണ ഇ​ന്ദി​ര​യു​ടെ ത​ല​യി​ൽ ച​വി​ട്ടി. ഇ​വ​രു​ടെ നി​ല​വി​ളി​യും ആ​ന​യു​ടെ ചി​ന്നം വി​ളി​യും കേ​ട്ട് എ​ത്തി​യ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ബ​ഹ​ള​മു​ണ്ടാ​ക്കി ആ​ന​യെ തു​ര​ത്തി. കോ​ത​മം​ഗ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ്​ ഇ​ന്ദി​ര മ​രി​ച്ച​ത്.

രണ്ടുമാ​സ​ത്തി​നി​ടെ ഇ​ടു​ക്കി​യി​ൽ അ​ഞ്ചു​പേ​രു​ടെ ജീ​വ​നാ​ണ്​ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ന​ഷ്ട​മാ​യ​ത്. ഷീ​ജ, ഷി​ബു, സി​ന്ധു എ​ന്നി​വ​രാ​ണ്​ ഇ​ന്ദി​ര​യു​ടെ മ​ക്ക​ൾ. ഇ​ന്ദി​ര​യു​ടെ കു​ടും​ബ​ത്തി​ന് സർക്കാർ 10 ല​ക്ഷം രൂ​പ നൽകി.. മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, റോ​ഷി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.

You May Also Like

More From Author