കൊച്ചി: ഐ.എസ്.എൽ ഉൾപ്പെടെ ഫുട്ബാൾ മത്സരങ്ങൾ മാത്രം നടക്കുന്ന കലൂർ സ്റ്റേഡിയം ഗിന്നസ് നൃത്തപരിപാടിക്ക് വിട്ടുനൽകിയത് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ ഇടപെടലിനെത്തുടർന്ന്. മറ്റ് പരിപാടികൾക്ക് വിട്ടുനൽകേണ്ടതില്ലെന്നും നൃത്തപരിപാടി നടന്നാൽ ടർഫിന്റെ നിലവാരത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ജി.സി.ഡി.എ എസ്റ്റേറ്റ് വിഭാഗം ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിരുന്നു.
എന്നാൽ, ടർഫ് ഒഴിവാക്കിയുള്ള പരിപാടി ആയതിനാൽ അനുമതി നൽകാമെന്ന് വ്യക്തമാക്കിയാണ് ചെയർമാൻ രേഖാമൂലം അനുമതി നൽകിയത്. ഇതിന് പിന്നാലെ സംഘാടകരായ മൃദംഗവിഷൻ ജി.സി.ഡി.എയുടെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് തുക നിക്ഷേപിച്ചു. പൊലീസിന്റെയോ അഗ്നിരക്ഷാസേനയുടെയോ കൊച്ചി കോർപറേഷന്റെയോ അനുമതി ലഭിക്കുന്നതിന് മുമ്പായിരുന്നു ഇത്.
എന്നാൽ, കായിക പരിപാടികൾക്ക് മാത്രമേ സ്റ്റേഡിയം നൽകാവൂ എന്ന് നിയമത്തിലില്ലെന്നും ഇതിനെ മറികടക്കേണ്ടതാണെങ്കിൽ അതിനാണ് ചെയർമാൻ അടക്കമുള്ള രാഷ്ട്രീയ നേതൃത്വമുള്ളതെന്നും ചന്ദ്രൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതുമാത്രം നടത്താനല്ല തങ്ങളെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
ഇതിനിടെ, അനുമതി നൽകിയതിലെ വീഴ്ച സമ്മതിച്ച് സൈറ്റ് എൻജിനീയറെ ജി.സി.ഡി.എ സസ്പെൻഡ് ചെയ്തു. വിശദമായി അന്വേഷിക്കുമെന്നും ഭാവിയിൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടികളിൽ കൂടുതൽ സുരക്ഷാ പരിശോധന നടത്തുമെന്നും ചന്ദ്രൻ പിള്ള വ്യക്തമാക്കി.
അതേസമയം, സംഘാടനത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ആവർത്തിക്കുകയാണ് കൊച്ചി മേയർ എം. അനിൽകുമാർ. പരിപാടിക്ക് അനുമതി നൽകിയ എക്സിക്യൂട്ടിവ് യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നു പറഞ്ഞ മേയർ പിന്നെയെന്തിന് ഒരാളെ സസ്പെൻഡ് ചെയ്തു എന്ന മറുചോദ്യമാണ് ജി.സി.ഡി.എ ചെയർമാൻ ഉന്നയിക്കുന്നത്.
ഇതിനിടെ, അപകടശേഷം ആദ്യമായി നടന്ന ജി.സി.ഡി.എ എക്സിക്യൂട്ടിവ് യോഗത്തിലേക്ക് ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.�
+ There are no comments
Add yours