ആലുവ: നഗര പരിധിയിൽ തെരുവ് നായ ആക്രമണം പതിവായി. സമീപ ദിവസങ്ങളിൽ പല ഭാഗങ്ങളിലും യാത്രക്കാരടക്കം നിരവധിയാളുകൾക്കാണ് കടിയേറ്റത്. ഇതോടെ നഗരവാസികളും യാത്രക്കാരും ഭീതിയിലാണ്. തോട്ടക്കാട്ടുകര, യു.സി കോളജ് പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. തോട്ടക്കാട്ടുകരയിൽ മിനി മാർക്കറ്റിനകത്ത് എ.സി മെക്കാനിക് ഷോപ്പ് നടത്തുന്നയാൾക്കും റോഡിൽ സിഗ്നൽ കാത്തുനിന്ന ഇരുചക്ര വാഹന യാത്രക്കാരനുമാണ് കടിയേറ്റത്.
യു.സി കോളജ് പോസ്റ്റ് ഓഫിസ് പരിസരത്ത് ഇരുചക്ര വാഹന യാത്രക്കാർക്കടക്കം നിരവധിയാളുകൾക്ക് കടിയേറ്റു. ഇരുചക്ര വാഹന യാത്രക്കാരെ പിന്തുടർന്ന് കാലിൽ കടിക്കുകയായിരുന്നു. നായ്കൾക്ക് പേ വിഷബാധയുണ്ടോയെന്ന ഭീതിയിലാണ് നാട്ടുകാർ. മാസങ്ങൾക്ക് മുമ്പ് പേ പിടിച്ച നായ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് പതിമൂന്നോളം പേരെ കടിച്ചിരുന്നു. കടിയേറ്റവരിൽ ഒരാൾ പേവിഷ ബാധയേറ്റ് മരിക്കുകയും ചെയ്തു.
ആളൊഴിഞ്ഞ സ്ഥലങ്ങളിലും പാതയോരങ്ങളിലും തമ്പടിക്കുന്ന നായ്കൾ കൂട്ടമായെത്തി ആക്രമിക്കുന്നത് പതിവാണ്.
രാത്രി പൊതുവഴികളിലും മറ്റും കറങ്ങിനടക്കുന്ന ഇവ പകൽസമയങ്ങളിൽ ആളൊഴിഞ്ഞ വഴികളിൽ തമ്പടിച്ച് ഒറ്റപ്പെട്ട യാത്രക്കാരെ ആക്രമിക്കാറുണ്ട്. പ്രഭാത നടത്തക്കാർക്കാണ് കൂടുതൽ ഭീഷണിയാകുന്നത്. കന്നുകാലികൾ, ആടുകൾ തുടങ്ങിയ വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സി സ്റ്റാന്റ്, സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നഗരസഭ ക്വാർട്ടേഴ്സ്, മാർക്കറ്റ്, മാധവപുരം, പൈപ്പ് ലൈൻ റോഡ്, കുന്നത്തേരി റോഡ്, ബാങ്ക് കവല, പാർക്ക്, തുടങ്ങി നഗരത്തിന്റെ മുക്കിലും മൂലയിലും നഗരത്തോട് ചേർന്ന കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ ഗ്രാമങ്ങളിലും നായശല്യം രൂക്ഷമാണ്. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തെരുവുനായകളുടെ ആക്രമണം പതിവായിട്ടുണ്ട്. കുന്നത്തേരി, തായികാട്ടുകര ഭാഗങ്ങളിലും പഞ്ചായത്തിലെ മറ്റുപ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യമുണ്ട്. മെട്രോ യാഡ് പരിസരം, ചവർപാടം, തൊരപ്പ്, മാന്ത്രക്കൽ, പട്ടേരിപ്പുറം, കാർമ്മൽ ജനറലേറ്റ്, കട്ടേപ്പാടം, മാരിയിൽ പൈപ്പ് ലൈൻ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായ ശല്യം കൂടുതൽ.
കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ് നായകൾ ദുരിതമായിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരുടെ പിറകെ നായ്ക്കൾ ഓടുന്നത് വാഹനാപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മഹിളാലയം, കുന്നുംപുറം, അമ്പലപ്പറമ്പ്, സൂര്യ നഗർ, എടത്തല പഞ്ചായത്തുമായി അതിര് പങ്കിടുന്ന ചുണങ്ങംവേലി, ചൂണ്ടി തുടങ്ങിയ പ്രദേശങ്ങളിലും നായ് ശല്യമുണ്ട്.