പള്ളിക്കര: ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെതിരെ ട്വന്റി20 അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. സെപ്റ്റംബർ 30നാണ് ട്വന്റി20യിലെ 10 അംഗങ്ങൾ ഒപ്പിട്ട് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 12ാം വാർഡിലെ എൽ.ഡി.എഫ് അംഗത്തെ അയോഗ്യനാക്കിയ നടപടി അട്ടിമറിക്കാൻ പ്രസിഡന്റ് കൂട്ടുനിന്നു, ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട്, റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിലും അനധികൃത ഗോഡൗൺ നിർമാണത്തിന്റെ മറവിലും മണ്ണ് മാഫിയയുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടി ഗുരുതര സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ ആരോപണം ഉന്നയിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്.
ചൊവ്വാഴ്ച രാവിലെ പൊലീസ് സംരക്ഷണത്തിലാണ് അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തത്. രണ്ട് അംഗങ്ങളുള്ള എൽ.ഡി.എഫ് അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് ഉൾപ്പെടെ വിട്ടുനിന്നപ്പോൾ യു.ഡി എഫിലെ അഞ്ച് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ ട്വന്റി20യിലെ 10 അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ട് ചെയ്തതോടെ അവിശ്വാസ വിജയിച്ചു. ഇതേതുടർന്ന് ട്വന്റി20യുടെ നേതൃത്വത്തിൽ പള്ളിക്കരയിൽ ആഹ്ലാദപ്രകടനം നടത്തി. 18 വാർഡുള്ള പഞ്ചായത്തിൽ 11 ട്വന്റി20, അഞ്ച് യു.ഡി.എഫ്, രണ്ട് എൽ.ഡി.എഫ് എന്നിങ്ങനെയാണ് കക്ഷിനില.
മൂന്ന് അവിശ്വാസവും സ്വന്തം പാർട്ടിയിൽനിന്ന് തന്നെ
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്ത് രൂപവത്കരിച്ചിട്ട് 70 വർഷം പിന്നിടുമ്പോൾ മൂന്ന് അവിശ്വാസ പ്രമേയം നേരിട്ട പഞ്ചായത്തിൽ മൂന്ന് പ്രാവശ്യവും സ്വന്തം പാർട്ടിക്കാരാണ് അവിശ്വാസം കൊണ്ടുവന്നത്.
1982ൽ അന്നത്തെ സി.പി.എമ്മിന്റെ പ്രസിഡന്റ് ടി. തോമസിനെതിരെ ആ പാർട്ടിക്കാരനായ വർക്കി കുര്യൻ അവതരിപ്പിച്ച അവിശ്വാസപ്രമേയും 2002ൽ യു.ഡി.എഫുകാരിയായ ആലീസ് തോമസിനെതിരെ യു.ഡി.എഫുകാരനായ അബൂബക്കർ പാടത്താൻ കൊണ്ടുവന്ന അവിശ്വാസപ്രമേയവും ഇപ്പോൾ ട്വന്റി20 അവരുടെ പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റ് റോയി ഔസേപ്പ് കൊണ്ടുവന്ന അവിശ്വാസപ്രമേയവും സ്വന്തം പ്രസിഡന്റിന് എതിരായിരുന്നു.
ഈ മൂന്ന് അവിശ്വാസപ്രമേയവും കൊണ്ടുവന്നത് സ്വന്തം പാർട്ടിക്കാരും മുന്നണിക്കാരുമാണന്നുള്ളതാണ് ശ്രദ്ദേയം. 36 വർഷം തുടർച്ചയായി എൽ.ഡി.എഫ് ഭരിച്ച പഞ്ചായത്തിൽ പിന്നീട് യു.ഡി.എഫിന്റെ 20 വർഷത്തെ ഭരണത്തിനുശേഷമാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ട്വന്റി20 ഭരണം പിടിച്ചടക്കുകയായിരുന്നു.
ട്വന്റി20 ഭരണം നാലു വർഷം പിന്നിടുമ്പോഴാണ് അവിശ്വാസത്തെ നേരിട്ടത്.
തനിക്കെതിരെയുള്ളത് വ്യാജ ആരോപണം -എം.വി. നിതമോൾ
കിഴക്കമ്പലം: ട്വന്റി20 തനിക്കെതിരെ ഉയർത്തിയത് വ്യാജ അഴിമതി ആരോപണങ്ങളെന്ന് മുൻപഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംഘടനയുടെ നിർദേശം കൃത്യമായി പാലിച്ചാണ് മുന്നോട്ട് പോയത്. നേതൃത്വത്തിന്റെ തീരുമാനങ്ങൾ വാട്സ്ആപ്പിൽ വരികയും അത് വായിക്കുകയും മാത്രമാണ് താൻ ചെയ്തത്. എല്ലാം വൈസ് പ്രസിഡന്റ് ഉൾപ്പെടെ അറിഞ്ഞാണ് നടപ്പാക്കിയത്.
വൈസ് പ്രസിഡന്റ് ഒട്ടേറെ ആളുകളിൽനിന്ന് പണം പിരിച്ചിട്ടുണ്ട്. അതിനെല്ലാം തെളിവുണ്ടെന്നും അവർ പറഞ്ഞു. പലപ്പോഴും പലകാര്യങ്ങളിലും അംഗങ്ങൾ ഉൾപ്പെടെ അഴിമതി കാണിച്ചിട്ടും ട്വൻറി 20 സംരക്ഷിക്കുകയാണ്. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയിട്ടുണ്ട്. പള്ളിക്കരയിൽ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ബിൽഡിങ് പെർമിറ്റ് ഇല്ലാതെ കെട്ടിപ്പൊക്കിയതാണ്. അതിനു അനുമതി നൽകാത്തത് വിരോധമായി.
രണ്ട് , മൂന്ന്,ഒമ്പത് വാർഡുകളിൽ ഗ്രാമസഭകൾ നടന്നിട്ടില്ല. വ്യാജ ഒപ്പിട്ടാണ് ഗ്രാമസഭ ബുക്ക് സമർപ്പിച്ചിരിക്കുന്നത്. ഗ്രാമസഭയിൽ പങ്കെടുത്ത ഓവർസിയർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ എന്നിവർ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ വാർഡിലെ അംഗങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. ട്വൻ്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച പഞ്ചായത്ത് കുന്നത്തുനാടാണ്. ഇതുവരെ വിശ്വാസ വഞ്ചനയും ചെയ്തിട്ടില്ല. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നിത മോൾ പറഞ്ഞു.