അങ്കമാലി: പഴയ നഗരസഭ ഓഫിസ് കെട്ടിടത്തിന്റെ കോൺക്രീറ്റിൻറെ ഒരു ഭാഗം നിലംപൊത്തി. താഴെ കടകളിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. ഏറ്റവും മുകളിലെ കോൺക്രീറ്റ് ഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ജീർണിച്ച് ആൽമരം വളർന്ന അവസ്ഥയിലാണ്.
പുതുക്കി പണിയുന്നതിന് ബല പരിശോധനയുമായി ബന്ധപെട്ട് മൂന്നര വർഷത്തിലേറെയായി തൃശൂർ എൻജിനീയറിങ് കോളജിൻ്റെ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്. നഗരസഭ അധികൃതരുടെ പിടിപ്പുകേടാണ് കെട്ടിടത്തിന്റെ ഭാഗം അടർന്നുവീഴാൻ ഇടയാക്കിയതെന്ന് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ജീർണിച്ച ഓഫീസ് കെട്ടിടത്തിന്റെ അവസ്ഥ പല തവണ നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയും, പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിട്ടും പരിഹാരമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് ടി.വൈ. ഏലിയാസ് കുറ്റപ്പെടുത്തി. ഏത് സമയത്തും കെട്ടിടം പൂർണമായി നിലംപൊത്തുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ചുറ്റുപാടും ഹാളുകളിലും ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടിയിരിക്കുകയാണ്.
ചെറിയ തീപ്പൊരി വീണാൽ പോലും പ്രദേശം കത്തി ചാമ്പലാകുന്ന അവസ്ഥയാണ്. ഇതിനെല്ലാം അടിയന്തിരമായി പരിഹാരം കാണണമെന്ന് സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് ടി.വൈ. ഏലിയാസ്, കൗൺസിലർമാരായ പി.എൻ. ജോഷി, ലക്സി ജോയി, ഗ്രേസി ദേവസി, വിൽസൻ മുണ്ടാടൻ, മോളി മാത്യു, സരിത അനിൽകുമാർ തുടങ്ങിയവർ ആവശ്യപ്പെട്ടു.