കോതമംഗലം: ഭൂതത്താൻകെട്ട് ബരേജിന് സമീപം തടയണയുടെ ഭിത്തിയിലുണ്ടായ വിള്ളലിലൂടെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ വിനോദ സഞ്ചാരികൾക്കായുള്ള നടപ്പാത പിളർന്നു.
പെരിയാർവാലി കനാലുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന സംഭരണിയുടെയും തടാകത്തിന്റെയും ഇടയിലുള്ള ബണ്ട് പൊട്ടിയാണ് നടപ്പാത പിളർന്നത്. മഴക്കാല ടൂറിസം പദ്ധതികളുടെ ഭാഗമായി കോടികൾ മുടക്കി നിർമിച്ച തടയണയാണ് തകർന്നത്. തടയണയിലെ വെള്ളം പെരിയാറിലേക്ക് ഒഴുകിപ്പോയതോടെ ബോട്ടുകൾ ചെളിയിൽ അടിഞ്ഞു.
മഴക്കാലത്ത് ബാരേജിന്റെ ഷട്ടറുകൾ തുറന്ന് പെരിയാറിൽ ജലനിരപ്പ് താഴുമ്പോൾ ബോട്ടിങ് ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ നിലക്കാതിരിക്കാൻ സംഭരണിയിലും തടാകത്തിലും വെള്ളം ശേഖരിക്കാൻ നിർമിച്ച തടയണയുടെ അരികിൽ ശനിയാഴ്ച വൈകീട്ടാണ് ഇടിച്ചിലുണ്ടായത്. ഭിത്തിയുടെ കല്ലും മണ്ണും ഇടിഞ്ഞ് ദ്വാരം രൂപപ്പെട്ട് വെള്ളത്തിന്റെ കുത്തൊഴുക്കിൽ ശനിയാഴ്ച്ച രാത്രിയിൽ ബണ്ട് പൊട്ടി നടപ്പാത പിളരുകയായിരുന്നു.
ഒരു തണൽമരം കടപുഴകി വീണ് ഒഴുകിപ്പോയി. മറ്റുമരങ്ങൾ കടപുഴകൽ ഭീഷണിയിലാണ്. നടപ്പാത പിളർന്നതിന്റെ സമീപ ഭാഗങ്ങളിൽ ബണ്ടിനും തടയണയുടെ രണ്ടരികിലും ഇനിയും ഇടിച്ചിൽ ഭീഷണിയുണ്ട്.
പെരിയാറിന്റെ ഭാഗത്തെ സംരക്ഷണഭിത്തി ഇടിഞ്ഞത് തടയണക്കും ഭീഷണിയായി. പെട്ടെന്ന് വെള്ളം ഇറങ്ങിയതോടെ സംഭരണിയിൽ സൂക്ഷിച്ചിരുന്ന വലുതും ചെറുതുമായ 10 ബോട്ടാണ് ചളിയിൽ അടിഞ്ഞത്.
വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിച്ച് തയടണ സംരക്ഷിക്കാൻ ശനിയാഴ്ച രാത്രി ബരേജിന്റെ ഷട്ടറുകൾ അടച്ചു. തടാകത്തിൽ നിന്ന് വെള്ളം ഇറങ്ങിയതും മഴ ജാഗ്രത മുന്നറിയിപ്പും കണക്കിലെടുത്ത് പെരിയാർവാലി അധികൃതർ വീണ്ടും ഷട്ടറുകൾ തുറന്നു.