കൊച്ചി: കഴിഞ്ഞ വർഷം വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ കൃത്യമായ മറുപടി നൽകാത്ത കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥർ അപ്പീൽ ഹിയറിങ്ങിനെ തുടർന്ന് കൃത്യമായ വിവരം നൽകി. കോർപറേഷനിൽ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെത്തിക്കുന്നതിനുമായുള്ള വാഹനങ്ങൾ സംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ ചോദ്യങ്ങൾക്കാണ് അപൂർണമായ മറുപടി നൽകിയത്. കോർപറേഷന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് 2023 ജനുവരിയിൽ നൽകിയ അപേക്ഷ ആരോഗ്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.
ആകെ ചോദിച്ച 11 ചോദ്യങ്ങളിൽ അഞ്ചെണ്ണത്തിന് മറുപടി നൽകുന്നതിന് പകരം ഈ വിവരം എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് ലഭ്യമാകുമെന്നാണ് അറിയിച്ചത്. ഇതേ തുടർന്ന് അപേക്ഷകൻ വിവരാവകാശ കമീഷനിൽ അപ്പീൽ നൽകി. പിന്നാലെ, ഇക്കഴിഞ്ഞ മേയിൽ വിവരാവകാശ കമീഷൻ വിളിച്ചുവരുത്തി കോർപറേഷൻ ഉദ്യോഗസ്ഥരെയും അപേക്ഷകനെയും ഹിയറിങ് നടത്തുകയായിരുന്നു. ഹിയറിങിൽ കമീഷൻ ഉത്തരവിട്ടതിനെ തുടർന്ന് നാലു ദിവസത്തിനകം തന്നെ കോർപറേഷൻ എൻജിനീയറിങ് വിഭാഗം ചോദ്യങ്ങൾക്ക് മറുപടി നൽകി.
കോർപറേഷൻ മാലിന്യ വാഹനങ്ങളുടെ അറ്റകുറ്റ പണിക്കായി ചെലവഴിച്ച തുക സംബന്ധിച്ച ചോദ്യങ്ങൾക്കാണ് കമീഷന്റെ ഹിയറിങ്ങിന് പിന്നാലെ മറുപടിയെത്തിയത്. 2020 ഏപ്രിൽ മുതൽ 2022 ഡിസംബർ വരെയുള്ള കാലയളവിൽ 95.85 കോടി രൂപ ഈയിനത്തിൽ ചെലവഴിച്ചതായി ഉദ്യോഗസ്ഥർ മറുപടിയിൽ വ്യക്തമാക്കി. ആകെ 58 മാലിന്യ ലോറികളാണ് കോർപറേഷനുള്ളത്. ഇതിൽ 37 എണ്ണം കിഴക്കൻ മേഖലയിൽ നിന്നും 23 എണ്ണം പടിഞ്ഞാറൻ മേഖലയിൽ നിന്നും ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാനായി വാടകക്കെടുത്തവയാണ്. കിഴക്കൻ മേഖലക്ക് പ്രതിദിന വാടക 3,640 രൂപയും പടിഞ്ഞാറിന് 3,400 രൂപയുമാണ്. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് കോർപറേഷന്റെ ആകെ 959 ജീവനക്കാരിൽ 799 പേരും സ്ഥിരം ജീവനക്കാരാണെന്നും വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.