അങ്കമാലി: ദേശീയപാതയിൽ അങ്കമാലി ചെറിയവാപ്പാലശ്ശേരിക്ക് സമീപം യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി 9.50ഓടെ ചെറിയവാപ്പാലശ്ശേരിയിലെ അങ്കമാലി സബ് സ്റ്റേഷന് സമീപമാണ് അജ്ഞാത വാഹനമിടിച്ച് അവശനായ നിലയിൽ യുവാവിനെ കണ്ടത്.
അങ്കമാലി അഗ്നി രക്ഷസേന അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലപ്പുഴ സ്വദേശിയാണെന്നാണ് സൂചന. ചുവന്ന വലിയ കള്ളി ഷർട്ടും മുണ്ടുമാണ് വേഷം. മീശയോട് ചേർത്ത വട്ടത്താടിയുണ്ട്. അങ്കമാലി ഭാഗത്തേക്ക് നടന്നു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
നെടുമ്പാശ്ശേരി പൊലീസ് മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം തിരിച്ചറിയുന്നവർ നെടുമ്പാശ്ശേരി പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 0484-2610611.