കൊച്ചി: ദേശീയപാതയിൽ കോലഞ്ചേരി ശാസ്താംമുകളിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് ഒരു മരണം. റിട്ട. അധ്യാപിക മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബീനയുടെ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ബിജുവും സൂസനും നടൻ മാത്യുവിന്‍റെ മാതാപിതാക്കളാണ്. ബിജുവിന്‍റെ പിതൃസഹോദര പുത്രന്‍റെ ഭാര്യയാണ് മരിച്ച ബീന.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. വാഹനമോടിച്ച മാത്യുവിന്‍റെ സഹോദരന് പരിക്കില്ല. ഒരു മരണാന്തരചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.