മൂവാറ്റുപുഴ: കനാലിൽനിന്നു വാരിയ മാലിന്യം ജനവാസ മേഖലയിൽ തള്ളിയത് വിവാദമായി. പെരിയാർ വാലി അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. പെരിയാര്‍ വാലി മുളവൂര്‍ ബ്രാഞ്ച് കനാലിലെ മുളവൂര്‍ പൊന്നിരിക്കപറമ്പ് ഭാഗത്ത് അടിഞ്ഞ മാലിന്യങ്ങളാണ് ജെ.സി.ബി ഉപയോഗിച്ച് വാരി സമീപത്തെ ജനവാസ മേഖലയിൽ കൊണ്ടിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. പ്രദേശവാസികൾ ജോലിയ്ക്ക് പോയിരുന്ന സമയത്താണ് അധികൃതരുടെ നടപടി. ശനിയാഴ്ച രാത്രി രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം ശ്രദ്ധയിൽ പെട്ടത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഓംബുഡ്സ്മാനും പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
നെല്ലിക്കുഴി മുതലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും മത്സ്യ കടകളില്‍ നിന്നുള്ള മാലിന്യങ്ങളും വിവാഹ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം ഒഴുകിയെത്തി പൊന്നിരിക്കപറമ്പ് ഭാഗത്തെ കലുങ്കിലാണ് അടിഞ്ഞ് കൂടുന്നത്. നൂറുകണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിയ്ക്കും ഉപയോഗിക്കുന്ന കനാല്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിന്നു. നേരത്തെ വിവിധ സ്ഥലങ്ങളിലായി അടിഞ്ഞ് കൂടിയിരുന്ന മാലിന്യം പെരിയാര്‍ വാലി കനാലിന് കുറുകെയുള്ള നടപ്പാലങ്ങള്‍ പൊളിച്ച് നിര്‍മിച്ചതോടെയാണ് തടസമില്ലാതെ ഇങ്ങോട് ഒഴുകിയെത്തുന്നത്. കനാല്‍ നിര്‍മിച്ച ഘട്ടത്തില്‍ ജലം ഒഴുകുന്നതിന് നടപ്പാതകള്‍ക്ക് അടിയില്‍ കോണ്‍ഗ്രീറ്റ് പൈപ്പുകളാണ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി പുതിയ നടപാലങ്ങള്‍ നിര്‍മിച്ചതോടെ ഒരുപ്രദേശത്തിന് ദുരിതം സമ്മാനിക്കുകയായിരുന്നു.
വേനല്‍കാലത്ത് ആഴ്ചയില്‍ മൂന്ന് ദിവസമാണ് കനാലില്‍ വെള്ളം തുറന്ന് വിടുന്നത്. വര്‍ഷക്കാലത്ത് കനാല്‍ നിറഞ്ഞ് ഒഴുകും. കഴിഞ്ഞ ദിവസം കനാലിൽ വെള്ളം തുറന്നതോടെയാണ് ഇവിടെ മാലിന്യ കൂമ്പാരമായി മാറിയത്. പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തുന്നതോടെ പെരിയാര്‍ വാലി അധികൃതര്‍ മാലിന്യം നീക്കം ചെയ്യുകയാണ് പതിവ്. എന്നാല്‍ നീക്കം ചെയ്യുന്ന മാലിന്യം കനാല്‍ റോഡില്‍ വാരിയിടുന്നതിനാല് തെരുവ്നായ്ക്കളും കാക്കകളും കൊത്തിവലിച്ച് സമീപ പ്രദേശങ്ങളിൽ ഇടുന്നതിനാൽ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പെരിയാര്‍വാലി അധികൃതര്‍ ശ്രമിക്കാറില്ല. കനാലുകളുടെ സംരക്ഷണത്തിന് വാച്ചര്‍മാരെ നിയമിച്ചിട്ടുണ്ടങ്കിലും പേരിന് സന്ദര്‍ശനം നടത്തി മടങ്ങുകയാണ് പതിവ്.
പ്രശ്ന പരിഹാരത്തിനായി കനാലില്‍ വിവിധ ഭാഗങ്ങളില്‍ നിശ്ചിത ദൂരത്തില്‍ ഇരുമ്പ് നെറ്റ് സ്ഥാപിക്കുമെന്നുംനെറ്റ് സ്ഥാപിക്കുന്ന പ്രദേശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ കഴിയുമെന്നും പ്രഖ്യാപനമുണ്ടായങ്കിലും ഈ പദ്ധതിയും കടലാസില്‍ തന്നെയാണ്.