എസ്.ഐ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ; ഓഫിസ് ജോലി മാറിയതിലെ നൈരാശ്യമെന്ന് സൂചന

Estimated read time 0 min read

അങ്കമാലി: ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി എളവൂർ പുളിയനം കളരിക്കൽ വീട്ടിൽ രഘുവിന്റെ മകൻ കെ.ആർ. ബാബുരാജാണ് (49) മരിച്ചത്.

വീട്ടിൽനിന്ന് 100 മീറ്റർ ദൂരെ പാടത്തേക്ക് ചാഞ്ഞ് നിൽക്കുന്ന പറമ്പിലെ മരക്കൊമ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അങ്കമാലി പൊലീസെത്തി മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വർഷങ്ങളായി ആലുവ സൈബർ സെല്ലിൽ ജോലി ചെയ്തിരുന്ന ബാബുരാജ് ഗ്രേഡ് എസ്.ഐ ആയതോടെ ആലുവ വെസ്റ്റ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. 15 ദിവസം മുമ്പാണ് വെസ്റ്റ് സ്റ്റേഷനിൽ ചാർജെടുത്തത്. ഓഫീസ് ഡ്യൂട്ടിയിൽ നിന്ന് മാറി നൈറ്റ് ഡ്യൂട്ടിയും ഫീൽഡ് വർക്കും വന്നതോടെ ബാബുരാജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നു. ജോലിയുടെ സ്വഭാവം മാറിയതിലെ നിരാശയാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാത്രി എളവൂർ പുത്തൻകാവ് ക്ഷേത്രോത്സവ ആഘോഷത്തിലും ഗാനമേളയിലും പങ്കെടുത്തിരുന്നു. ശേഷം ഭക്ഷണം വാങ്ങി വീട്ടിലേക്ക് വന്ന ബാബുരാജ് ഭാര്യക്കും മക്കൾക്കും ഒപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു.

മൃതദേഹം ബുധനാഴ്‌ച പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ വെസ്റ്റ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. അമ്മ: പത്മിനി. ഭാര്യ: ജയന്തി. മക്കൾ: സിദ്ധാർത്ഥ്, ശ്രീരാഗ്.

You May Also Like

More From Author