കൊച്ചി: നഗരത്തിൽ ഒരിടവേളക്കുശേഷം മോഷ്ടാക്കൾ വിലസുന്നു. പട്ടാപ്പകല്‍പോലും നഗരത്തില്‍ ഏതെങ്കിലുമൊരിടത്ത് മോഷണം നടക്കുന്നുവെന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. അടുത്തിടെ നഗരത്തിൽ നടന്ന കൂട്ട മൊബൈൽ ഫോൺ മോഷണവും വിവിധയിടങ്ങളിൽ നടന്ന ബൈക്ക് മോഷണവുമൊക്കെ വിരൽചൂണ്ടുന്നത് നഗരത്തിൽ തമ്പടിക്കുന്ന മോഷണ സംഘങ്ങളെക്കുറിച്ചാണ്. നഗരത്തിൽ അടുത്തിടെയായി ബൈക്കുകൾ കാണാതാകുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.
മോഷണം വർധിച്ചതോടെ പരിശോധനകൾ കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. കൊച്ചിയില്‍നിന്ന് നാലുലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഭൂരിഭാഗം മോഷണക്കേസുകളിലും പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ചില കേസുകളിൽ പിടിയിലായിട്ടുള്ളത് വിദ്യാർഥികളാണ്. എറണാകുളം മേനക, ബ്രോഡ്വേ, നോർത്ത്-സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, പാലാരിവട്ടം, ഇടപ്പള്ളി, എറണാകുളം കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്നാണ് കൂടുതലും ബൈക്കുകൾ മോഷണം പോകുന്നത്.
ഹെൽമറ്റും മാസ്കും ധരിച്ച് കവർച്ച; ജാഗ്രത വേണം
മോഷണ സാധനങ്ങൾ നോക്കിവെച്ച് രാത്രികാലങ്ങളിൽ അതുമായി മുങ്ങുന്ന പഴയ രീതിയൊന്നും മോഷ്ടാക്കൾ ഇപ്പോൾ പിന്തുടരുന്നേയില്ല. സി.സി ടി.വി കാമറ നിരീക്ഷണമുള്ള തിരക്കേറിയ ഇടത്തുനിന്നുപോലും ബൈക്കുകൾ മോഷ്ടിച്ച് കടത്തുകയാണ്. മാസ്ക് ധരിച്ചാണ് കവർച്ച. സി.സി ടി.വി കാമറകൾ പരിശോധിച്ചാലും മുഖം വ്യക്തമാകാത്തത് അന്വേഷണത്തെയും ബാധിക്കുന്നുണ്ട്. പെട്രോൾ തീർന്നാൽ വാഹനം റോഡരികിൽ ഉപേക്ഷിച്ച് അടുത്തത് മോഷ്ടിക്കുന്നതാണ് യുവാക്കളുടെ രീതി.
മോഷ്ടിക്കുന്ന ബൈക്കുകൾ മാല മോഷണത്തിനായും ഉപയോഗിക്കുന്നുണ്ട്. ഇവരെ പിടികൂടാന്‍ പലപ്പോഴും സാധിക്കാറില്ല. ഹെല്‍മറ്റ് ധരിച്ചാവും ഇവര്‍ മോഷണം നടത്തുക. ആഡംബര ജീവിതം നയിക്കുന്നതിനാണ് യുവാക്കളില്‍ പലരും മോഷണത്തിലേക്ക് തിരിയുന്നത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. വാഹനങ്ങളാണ് ഇത്തരക്കാര്‍ കൂടുതലായും മോഷ്ടിക്കുന്നത്.
മൊബൈലുകൾ തേടി അന്വേഷണ സംഘം
കൊച്ചി: ബോൾഗാട്ടി പാലസിൽ നടന്ന അലൻ വാക്കർ ഡി.ജെ ഷോക്കിടെ കവർന്ന ഫോണുകളിൽ ചിലത് ഡൽഹിയിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവിടം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രണ്ട് ഫോണുകളുടെ സിഗ്നലുകളാണ് ഡൽഹിയിൽനിന്ന് ലഭിച്ചത്. ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതിനാൽ ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമേ പൊലീസിന് ലഭിച്ചിട്ടുള്ളൂ. സൈബർ പൊലീസിന് പുറമെ ഫോൺ നിർമാണ കമ്പനിയുടെ സഹായത്തോടെയാണ് ലൊക്കേഷനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്.
കൊച്ചിയിലേത് ആസൂത്രിത മോഷണമാകാൻ ഇടയില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന്റെ വിലയിരുത്തൽ. സംഗീതനിശക്കിടെ കാണികൾ തുള്ളിച്ചാടിയപ്പോൾ തെറിച്ചുവീണ ഫോണുകൾ ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാം എന്നായിരുന്നു നിഗമനം. എന്നാൽ, മോഷണം ആസൂത്രിതമാണെന്ന് പിന്നീട് വ്യക്തമായി. ഷോയുടെ നാൽപത്തഞ്ചോളം സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.