പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിത മോൾക്കെതിരെ സ്വന്തം പാർട്ടിയായ ട്വൻറി20 കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിടാൻ ഉറച്ച് പ്രസിഡന്റ്. 18 വാർഡുള്ള പഞ്ചായത്തിൽ 11 അംഗങ്ങളും ട്വന്റി20ക്കാണ്. അതിൽ പ്രസിഡന്റിനെ മാറ്റിനിർത്തിയാലും 10 അംഗങ്ങൾ ട്വന്റി20ക്കുണ്ട്. 10 പേരും ഒരുമിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രസിഡന്റിനെതിരെ അഴിമതി ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് ട്വന്റി20 ഉയർത്തുന്നത്. പ്രതിപക്ഷത്ത് ഏഴ് അംഗങ്ങളാണുള്ളത്. യു.ഡി.എഫ് അഞ്ച്, എൽ.ഡി.എഫ് രണ്ട്. ഇവർ പ്രസിഡന്റിനൊപ്പം നിന്നാലും എട്ടുപേരുടെ പിന്തുണയേ ലഭിക്കുകയുള്ളൂ. എന്നിരിക്കെയാണ് അവിശ്വാസ പ്രമേയത്തെ പ്രസിഡന്റ് നേരിടുന്നത്. അവിശ്വാസ പ്രമേയത്തിന് മുമ്പ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രസിഡന്റ് മറുപടി പറഞ്ഞേക്കും. തുടർച്ചയായി യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി20 പിടിച്ചെടുക്കുകയായിരുന്നു.
നാലുവർഷം പൂർത്തിയാകുമ്പോൾ സ്വന്തം പാർട്ടിക്കാർ തന്നെയാണ് പ്രസിഡന്റിനെതിരെ അഴിമതി ആരോപണവും മാഫിയ ബന്ധവും ആരോപിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ കുന്നത്തുനാട്ടിൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് കാരണമാകും.