എടവനക്കാട്: വൈദ്യുതി പോസ്റ്റുകളില്ലാതെ കടന്നുപോകുന്ന വൈദ്യുതി കേബിൾ അപകട ഭീഷണി ഉയർത്തുന്നു. എടവനക്കാട് പഞ്ചായത്തിലെ വാർഡ് 13ലെ എട്ടു കുടുംബങ്ങളാണ് അപകട ഭീഷണി നേരിടുന്നത്. ടൗട്ടെ ചുഴലിക്കാറ്റിൽ പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തിയത് മുതൽ തുടങ്ങിയതാണ് ഇരുന്നൂറോളം കുടുംബങ്ങളുടെ ദുരിതം. മൂന്നര വർഷമായി 400 മീറ്ററിലധികം നീളത്തിൽ തെങ്ങിൽ ചേർത്തുകെട്ടിയ സർവിസ് വയറിലൂടെയാണ് എട്ടു കുടുംബങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നത്. വലിയ കാറ്റും മഴയുമുണ്ടാകുമ്പോൾ ഭീതിയോടെയാണ് ഇവിടത്തുകാർ കഴിയുന്നത്. പോസ്റ്റുകൾ ഒടിഞ്ഞതിനാൽ വഴിവിളക്കുമില്ല. നിരവധി തവണ കെ.എസ്.ഇ.ബിയിൽ പരാതി പറഞ്ഞിട്ടുണ്ട്. ഉടനെ ശരിയാക്കാം എന്നു പറയുന്നതല്ലാതെ ഇതു വരെ പോസ്റ്റുകളും വഴിവിളക്കും പുന:സ്ഥാപിച്ചില്ല.
കാറ്റിൽ കെട്ട് പൊട്ടി വീഴുമ്പോൾ നാട്ടുകാർ തന്നെയാണ് പലപ്പോഴും വീണ്ടും കെട്ടിനിർത്തുന്നത്. വിളിച്ചാലും ലൈൻമാൻമാർ വരാൻ കൂട്ടാക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കടൽക്ഷോഭവുമായി ബന്ധപ്പെട്ട് പ്രദേശം സന്ദർശിച്ച എം.എൽ.എ., പ്രതിപക്ഷ നേതാവ്, മന്ത്രി പി.രാജീവ് എന്നിവരോടെല്ലാം ഇക്കാര്യം ബോധിപ്പിച്ചിരുന്നു.