ആലുവ: സാംസ്കാരിക രംഗത്ത് ഇന്നും തിലകക്കുറിയായി നിലകൊള്ളുന്ന ആലുവ സംഗീത സഭയെന്ന ടാസ് എഴുപതാം വയസ്സിലേക്ക്. നഗരമധ്യത്തിൽ 23 സെന്റ് സ്ഥലത്ത് സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ഒരിടമായി സ്ഥാപിച്ച ടാസ് 1954 സെപ്തംബർ 18ന് തിരു-കൊച്ചി രാജപ്രമുഖനായിരുന്ന ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് ഉദ്ഘാടനം ചെയ്തത്.
ഒരു കാലത്ത് സാംസ്കാരിക പരിപാടികൾക്കും വിവാഹാ പരിപാടികൾക്കും വാടകക്ക് ലഭിച്ചിരുന്നത് ടാസ് ഹാൾ മാത്രമായിരുന്നു. ടാസ് ഹാൾ കേന്ദ്രീകരിച്ച് കഥകളി ആസ്വാദക ക്ലബും നാടകാസ്വാദകക്ലബും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ടാസിലെ കലാപരിപാടികൾക്ക് ശേഷം മടങ്ങാൻ ഹാൾ പരിസരത്തുനിന്ന് അങ്കമാലി- പെരുമ്പാവൂർ മേഖലയിലേക്ക് പ്രത്യേക ബസ് സർവിസുകൾ വരെ ഉണ്ടായിരുന്നു. നൃത്തം, മൃദംഗം, വായ് പാട്ട്, വയലിൻ ഇനങ്ങളിലായി മുന്നൂറിലേറെ വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു. നാടക സംഘങ്ങൾക്ക് റിഹേഴ്സലിനും സാംസ്കാരിക സംഘടനകൾക്കും മറ്റും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും ആയിരം പേർക്ക് വരെ ഇരിക്കാവുന്ന ഹാൾ കുറഞ്ഞനിരക്കിൽ വാടകക്ക് നൽകുന്നു.
എല്ലാ വർഷവും നാടകമേള, സ്വാതിതിരുന്നാൾ സംഗീതോത്സവം, കഥകളി, മൃദംഗ മത്സരം, സാഹിത്യമത്സരങ്ങൾ എന്നിവ ഒരുക്കുന്നു. എഴുപതാം വാർഷികം പ്രമാണിച്ച് ടാസ് ഹാൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. സെപ്തംബറിൽ അഞ്ച് ദിവസം നീളുന്ന എഴുപതാം വാർഷികാഘോഷവും സംഘടിപ്പിക്കും. കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരവും ടാസിനുണ്ട്.