കൊച്ചി: അഞ്ച് മാസത്തിനിടെ ‘സ്നേഹിത’ അഭയമേകിയത് 650ഓളം അതിജീവിതകൾക്ക്. കേസുകളിൽ ഇരകളാക്കപ്പെട്ട 658 വനിതകളാണ് സംസ്ഥാനത്ത് കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിനുള്ള ഷെൽട്ടർ ഹോമുകളിൽ അഭയം തേടിയെത്തിയത്. ഇതിൽ ബഹുഭൂരിപക്ഷവും ഗാർഹിക പീഡന ഇരകളാണ്.
ജനുവരി ഒന്നുമുതൽ മേയ് 31 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ പേർക്ക് അഭയമേകിയത് പാലക്കാട് സ്നേഹിതയിലാണ്. തനിയെ യാത്ര ചെയ്യേണ്ടിവന്ന 178 വനിതകൾക്കും ഇക്കാലയളവിൽ അതിഥികളായി അഭയം നൽകിയിട്ടുണ്ട്.
ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി പരമാവധി ഒരാഴ്ചവരെ ഭക്ഷണത്തോടെയുള്ള താമസ സൗകര്യമൊരുക്കുമ്പോൾ അതിഥികളായെത്തുന്ന സ്ത്രീകളിൽനിന്ന് 150 രൂപയാണ് പ്രതിദിനം ഈടാക്കുന്നത്. പീഡനങ്ങൾക്കിരയാക്കപ്പെടുന്നവർക്ക് നിയമ-വൈദ്യ സഹായങ്ങൾ നൽകുന്നതോടൊപ്പം കൗൺസലിങ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കുടുംബം, വ്യക്തി, കൗമാരക്കാർ എന്നിവർക്കുള്ള കൗൺസലിങ്ങും വിവാഹപൂർവ കൗൺസലിങ്ങും സ്നേഹിത കേന്ദ്രങ്ങളിൽ നൽകിവരുന്നുണ്ട്. അഞ്ച് മാസത്തിനിടെ കൗൺസലിങ് നൽകിയത് 2951 പേർക്കാണ്. 1460 കേസുകൾ നേരിട്ടും 1244 കേസുകൾ ഫോൺ വഴിയും ഇവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
2013ൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സ്നേഹിത കേന്ദ്രങ്ങൾ രണ്ടുവർഷം പിന്നിട്ടപ്പോൾ വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു. നിലവിൽ 14 ജില്ലകളിലും പുറമേ അട്ടപ്പാടിയിലുമാണ് 24 മണിക്കൂറുമുള്ള സ്നേഹിതയുടെ പ്രവർത്തനം.
അഞ്ച് സേവനദാതാക്കളും രണ്ട് കൗൺസിലർമാരുമടക്കം 11 വനിത ജീവനക്കാരാണ് ഓരോ കേന്ദ്രത്തിലുമുള്ളത്. ടോൾഫ്രീ നമ്പറിലേക്കെത്തുന്ന ഗാർഹിക പീഡന-പോക്സോ പരാതികൾ അന്വേഷിച്ച് പൊലീസ് അടക്കമുള്ള ഇതര സംവിധാനങ്ങളുടെ സഹായം ഉറപ്പാക്കുന്നത് ഈ ജീവനക്കാരാണ്. അതിക്രമങ്ങൾക്കിരയാകുന്നവരെ വിവിധ എൻ.ജി.ഒകളുടെ സഹകരണത്തോടെ പുനരധിവസിപ്പിക്കുന്നതും ഇവരുടെ കർത്തവ്യമാണ്.
അതിജീവിതകൾക്ക് കൈത്താങ്ങാകുന്ന തരത്തിലാണ് സ്നേഹിതയുടെ പ്രവർത്തനമെന്ന് ചുമതല വഹിക്കുന്ന സംസ്ഥാന അസി. പ്രോഗ്രാം മാനേജർ ഡി.എ. ഫെബി പറഞ്ഞു. ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ പിന്തുണ നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരലാണ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.