ദൂരെ വാഹനത്തിന്റെ ശബ്ദം കേട്ടാൽ അവരുടെ കണ്ണുകളിൽ പ്രതീക്ഷ വിടരും. തകർന്ന കടൽഭിത്തിക്ക് പരിഹാരവുമായെത്തുന്ന അധികാരികാളാണോയെന്നാണ് അവർക്കറിയേണ്ടത്. കഴിഞ്ഞ കാലങ്ങളിലെത്തിയ അധികൃതരൊക്കെ ശാശ്വത പരിഹാരങ്ങൾ നൽകാതെയാണ് മടങ്ങിയതെങ്കിലും ജനം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. ‘കരഞ്ഞുകരഞ്ഞ് ഇനി ഞങ്ങൾക്ക് കണ്ണീരില്ല…’ അണിയൽ കടപ്പുറത്തെ കടൽകയറ്റ ബാധിത പ്രദേശത്ത് താമസിക്കുന്ന അഞ്ചുതൈക്കൽ വീട്ടിൽ തങ്കമ്മയുടെ വാക്കുകൾ നിരാശയുടേതായിരുന്നു. വെള്ളം കയറാതിരിക്കാൻ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്.
മണൽവാടയുള്ളതിനാൽ കുറച്ച് പ്രദേശങ്ങളിലെ ആളുകൾക്ക് വലിയ പ്രയാസം ഇത്തവണയുണ്ടായില്ല. എന്നാൽ വലിയൊരു മേഖലയിലാകെ വെള്ളംകയറി ബുദ്ധിമുട്ടുണ്ടായി. ഓരോദിവസവും വീട്ടുസാധനങ്ങൾ കട്ടിലിന് മുകളിൽ ഉയർത്തി വെച്ചാണ് ഇരിക്കുന്നത്. ഭയത്താൽ രാത്രികാലങ്ങളിൽ ഉറക്കം കിട്ടാത്ത അവസ്ഥയാണ്. എപ്പോഴാണ് വീടുകളിലേക്ക് വെള്ളമെത്തുകയെന്ന് അറിയില്ല. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ വെള്ളം കയറുമ്പോൾ എന്ത് ചെയ്യുമെന്ന പേടിയിലാണെന്ന് അഞ്ചുതൈക്കൽ വീട്ടിൽ സരസയും പറയുന്നു.
നൊമ്പരങ്ങൾ നിറയുന്ന അണിയിൽ
20 വർഷം മുമ്പ് സുനാമി ഉണ്ടായപ്പോൾ അഞ്ച് പേരാണ് അണിയിൽ ഭാഗത്ത് മരണപ്പെട്ടത്. അന്നുമുതലുള്ള ആവശ്യമാണ് കടൽഭിത്തി വേണമെന്നത്. കടൽകയറ്റം രൂക്ഷമായ പ്രദേശങ്ങൾക്ക് അനാസ്ഥയുടെ നിരവധി കഥകളാണ് പറയാനുള്ളത്. നേരിയ തോതിൽ കടൽവെള്ളം കരയിലേക്ക് കയറുമ്പോൾ പോലും വലിയ ബുദ്ധിമുട്ടാണെന്ന് അണിയിൽ, നായരമ്പലം, പഴങ്ങാട് തുടങ്ങിയ മേഖലകളിലെ ജനങ്ങൾ വ്യക്തമാക്കി. കടൽഭിത്തി നിർമിച്ച് ശാശ്വത പരിഹാരം കാണണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ ഇനിയും പരിഹാരമുണ്ടായിട്ടില്ല. അന്ന് അധികാരികൾ നൽകിയ ഉറപ്പിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
അണിയിൽ, നായരമ്പലം മേഖലകളിൽ പലയിടത്തും അടിയന്തിര പുനർനിർമാണം ആവശ്യമായ രീതിയിൽ കടൽഭിത്തി തകർന്നുകിടക്കുകയാണ്. ബീച്ച് റോഡ് മണ്ണ് നിറഞ്ഞ് മൂടിപ്പോയി. റോഡ് ഉൾപ്പെടെ തകർന്നതിനാൽ ശക്തമായ കടൽക്ഷോഭ സാഹചര്യങ്ങളിൽ രക്ഷപ്പെടാനുള്ള മാർഗം പോലും ഇവിടങ്ങളിലില്ല. വാഹനങ്ങൾക്ക് പ്രദേശത്തേക്ക് എത്തുക തന്നെ അസാധ്യമാണ്. അസുഖ ബാധിതരായാൽ വാഹനമെത്തുന്ന ഭാഗത്തേക്ക് രോഗിയെ ചുമലിലേറ്റിക്കൊണ്ടുപോകേണ്ടി വരും.
കടൽകയറ്റം പതിവായി നായരമ്പലം
കടലേറ്റമുണ്ടാകുമ്പോഴൊക്കെ നായരമ്പലത്തെയും ഞാറക്കലിലെയും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ് പതിവ്. കടല്‍ ഭിത്തി തീരെയില്ലാത്ത പ്രദേശമാണ് വെളിയത്താംപറമ്പ്. സുനാമിക്ക് ശേഷം കാലവർഷ സമയത്ത് ഇവിടെ കടൽകയറ്റം പതിവാണ്. ഓഖിയോടെ ദുരിതം രൂക്ഷമായി.
തുടർന്ന് 30 മീറ്ററിൽ കടൽ ഭിത്തി നിർമിക്കാൻ കല്ല് കൊണ്ടുവന്നെങ്കിലും ‘ടൗട്ടേ’ ചുഴലിക്കാറ്റിൽ അതെല്ലാം ഒഴുകിപ്പോയി. ശേഷം ചെറിയൊരു മഴയിൽ പോലും വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയായി. പുരയിടങ്ങളിലേക്ക് വെള്ളം കടക്കുന്നത് തടയാൻ നാട്ടുകാർ തന്നെ മണ്ണുകൊണ്ട് തിട്ട നിർമിച്ചും ജിയോബാഗ് സ്ഥാപിച്ചും പ്രതിരോധം തീർക്കുകയായിരുന്നു. അടുത്തകാലത്തായി നിർമിച്ച ജിയോ ബാഗ് താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമല്ലെന്ന് നാട്ടുകാർ പറയുന്നു. വരും ദിവസങ്ങളിൽ കടല്‍ പ്രക്ഷുബ്ധമായാൽ ഇപ്പോഴത്തെ താൽക്കാലിക പ്രതിരോധ സംവിധാനം സുരക്ഷ ഉറപ്പാക്കില്ലെന്നും അവർ പറയുന്നു.
കടൽഭിത്തിയിലെ അശാസ്ത്രീയത
നിലവിൽ വൈപ്പിൻ തീരത്തെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം കടൽഭിത്തി നിർമിച്ചതിലെ അശാസ്ത്രീയതയാണെന്നാണ് ജനങ്ങൾക്ക് പറയാനുള്ളത്. ശക്തമായി ആഞ്ഞടിക്കുന്ന തിരമാലയുടെ ശക്തി കുറക്കാൻ കഴിയുന്നതാകണം കടൽഭിത്തി. ഇതിന് കൂറ്റൻ കരിങ്കല്ലുകൾ വലിയ വീതിയിൽ നിരത്തിയുള്ള വൻ കടൽഭിത്തിയാണ് ആവശ്യം. എന്നാൽ ഇവിടെ പലയിടത്തും അത്രത്തോളം കടൽഭിത്തിയുടെ വ്യാപ്തിയുണ്ടായില്ലെന്നാണ് ജനങ്ങളുടെ പരാതി.
കടൽകയറ്റ സമയത്ത് ഉയർന്നുവരുന്ന തിരമാലകൾ അടിക്കുമ്പോൾ ഭിത്തിയുടെ താഴെ ഭാഗത്തെ കല്ലുകൾ അടർന്നുപോകുന്ന നിലയാണുണ്ടായത്. ഇത് പ്രതിരോധിക്കാൻ ആവശ്യമായ പുലിമുട്ടുകൾ വേണം. മതിയായ നീളത്തിൽ പുലിമുട്ടുകൾ കടലിലേക്ക് ഇറക്കിയിട്ടിട്ടില്ലെന്നും പരാതിയുണ്ട്. കരിങ്കല്ലിന്റെ ലഭ്യതക്കുറവും നിർമാണ സാമഗ്രികൾ എത്തിക്കുന്നതിലെ പ്രയാസവും പറഞ്ഞ് മുൻകാലങ്ങളിൽ ഇത് നടന്നില്ല. ഏതാനും ചില മേഖലകളിൽ മാത്രമേ കാര്യക്ഷമമായി നിർമാണം പൂർത്തീകരിക്കാനായുള്ളു. ചെല്ലാനം മാതൃകയിലുള്ള ടെട്രാപോഡ് കടൽഭിത്തിയാണ് ശാശ്വത പരിഹാരം.
ചെന്നൈ ഐ.ഐ.ടി.യുടെ പഠനശേഷം നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈപ്പിന്കരയില് ആകെ 18 പുലിമുട്ടുകളാണ് വിഭാവനം ചെയ്തത്. 3.77 കോടി രൂപയാണ് ഇതിന് ആവശ്യമായ ചെലവ്. രണ്ട് പുലിമുട്ടുകള്‍ 50 മീറ്റര്‍ നീളത്തിലും ഒന്ന് 30 മീറ്ററും മറ്റൊന്ന് 15 മീറ്ററുമാണ് നീളം. എന്നാൽ എടവനക്കാട് ചാത്തങ്ങാട് രണ്ടെണ്ണം, അണിയല് ഭാഗത്ത് രണ്ടെണ്ണം, പഴങ്ങാട് ഭാഗത്ത് രണ്ടെണ്ണം എന്നിങ്ങനെ മാത്രമാണ് നിർമിച്ചത്.
ജിയോബാഗിൽ അവസാനിക്കരുത് പരിഹാരം
എടവനക്കാട്, വൈപ്പിൻ മേഖലയിലെ കടൽകയറ്റത്തിന് അടിയന്തിര ഇടപെടലുണ്ടാകുമെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. താൽക്കാലിക പരിഹാരമെന്ന നിലയിൽ 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ താൽകാലിക പരിഹാരത്തിൽ കാര്യങ്ങൾ അവസാനിക്കരുതെന്നാണ് ജനങ്ങളുടെ ആവശ്യം. തിരമാലകളെ പ്രതിരോധിക്കാന്‍ ശാശ്വത പരിഹാരം കാണാനാകാത്ത ജിയോബാഗ് പലയിടത്തും പരാജയമാണെന്നും അവർ പറഞ്ഞു. കടല്‍ കയറുമ്പോള്‍ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് മണലിട്ട് താല്‍ക്കാലിക ബണ്ട് നിര്‍മിക്കുകയാണ് ഇവിടെ ചെയ്തുവരുന്നത്. 40 ലക്ഷം രൂപ ചെലവിട്ടായിരിക്കും താത്കാലിക സംരക്ഷണ ഭിത്തിയുടെ നിർമാണമെന്ന് അധികൃതർ വ്യക്തമാക്കി.
കടൽഭിത്തി തകർന്ന മേഖലയിൽ കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി നിർമിക്കുന്നതിന് സാധ്യത പരിശോധിക്കുമെന്നും അറിയിപ്പുണ്ട്. തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യും. റോഡ് പുനർനിർമാണത്തിനും പരിശോധനകൾ നടക്കുമെന്നാണ് അധികൃതരുടെ വാക്ക്. എന്നാൽ, ഇത്തരം നിർദേശങ്ങൾ വർഷങ്ങളായി കേൾക്കുന്നതാണെന്ന് ജനങ്ങൾ പറഞ്ഞു. തങ്ങൾക്ക് ആവശ്യം ശാശ്വത പരിഹാരമാണെന്നും ചെല്ലാനം മാതൃകയിലുള്ള കടൽഭിത്തി വേണമെന്നും അവർ പറഞ്ഞു.