പെരുമ്പാവൂര്‍: കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. എം.സി റോഡില്‍ താന്നിപ്പുഴ സെന്റ് ജോസഫ് ചര്‍ച്ചിന് സമീപം ശനിയാഴ്ച രാത്രി 9.30ന് ആയിരുന്നു അപകടം. അഗ്നിരക്ഷ സേന കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാലടിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു.
പെരുമ്പാവൂരില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു നാഷനല്‍ പെര്‍മിറ്റ് ലോറി. കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മാസം മുമ്പ് കൃഷി വകുപ്പ് ഉദ്യോഗസ്ഥനും മകളും വാഹനാപകടത്തില്‍ മരിച്ച സ്ഥലത്തായിരുന്നു അപകടം. എം.സി റോഡിലെ കാരിക്കോട് മുതല്‍ താന്നിപ്പുഴ വരെ അപകട മേഖലയായി മാറുകയാണ്. വെളളിയാഴ്ച ഉച്ചക്ക് മറ്റൊരു വാഹനത്തെ മറികടന്ന് സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരന് ശനിയാഴ്ച മരിച്ചു. അമിത വേഗതയും ഓവര്‍ടേക്കിങും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.