പറവൂർ: ആശങ്കകളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിൽ പുതിയ ദേശീയപാത 66 ന്റെ ഭാഗമായി പറവൂർ പുഴക്ക് കുറുകെ അശാസ്ത്രീയമായി നിർമിക്കുന്ന പാലം പണി വെള്ളിയാഴ്ചയും തുടർന്നു. പാലം പണി അശാസ്ത്രീയമാണന്ന് കാണിച്ച് വിവിധ സംഘടനകൾ നൽകിയ പരാതികൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കലക്ടർക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കും വിവരശേഖരണത്തിനുമായി ഡെപ്യൂട്ടി കലക്ടർ വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കലക്ടറേറ്റിൽ അടിയന്തര യോഗം വിളിച്ചെങ്കിലും നടന്നില്ല.
യോഗം ശനിയാഴ്ച രാവിലത്തേക്ക് മാറ്റി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ജനപ്രതിനിധികളെ ഈ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയം എത്ര മാത്രം ഗൗരവത്തോടെ ചർച്ച ചെയ്യുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. ഡെപ്യൂട്ടി കലക്ടർ വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചുവെങ്കിലും പ്രവൃത്തി നിർത്തിവെക്കാൻ നിർദേശം നൽകാതിരുന്നതാണ് നിർമാണ പ്രവർത്തനങ്ങൾ വെള്ളിയാഴ്ചയും തുടർന്നത്. ഇതും ആശങ്കക്ക് ഇടയായിട്ടുണ്ട്. നാട്ടുകാർ ഈ വിഷയത്തിൽ പരാതി നൽകുമ്പോൾ രണ്ട് ഗർഡർ മാത്രമാണ് പുഴക്ക് കുറുകെ സ്ഥാപിച്ചിരുന്നത്.
എന്നാൽ, വെള്ളിയാഴ്ച വൈകീട്ടോടെ പത്ത് ഗർഡർ സ്ഥാപിച്ച് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിന് പുറമെ നല്ല വീതിയിലുണ്ടായിരുന്ന പുഴയുടെ തീരങ്ങൾ ഇരുഭാഗവും മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഇതോടെ പുഴയുടെ വീതി കുറഞ്ഞു. നിലവിലെ പാലത്തിന് ജലനിരപ്പിൽനിന്ന് ഏഴ് മീറ്റർ ഉയരമുള്ളപ്പോൾ പുതിയതായി നിർമിക്കുന്ന പാലത്തിന് 2.75 മീറ്റർ മാത്രമാണ് ഉയരം. ഇതു മൂലം മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ബോട്ട് സർവി നടത്താനാവില്ല.
ഡെപ്യൂട്ടി കലക്ടർ പരിശോധനക്ക് എത്തിയപ്പോൾ ബോട്ട് സ്ഥലത്തെത്തിച്ച് ഉയരക്കുറവ് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. മഴക്കാലത്ത് പുഴയിൽ വെള്ളം ഉയരുമ്പോൾ വഞ്ചികൾക്ക് പോലും കടന്നു പോകാനാകില്ല. പുഴയുടെ നിലവിലുള്ള വീതി കുറച്ചാണ് പാലം നിർമിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. പുതുതായി നിർമിക്കുന്ന എല്ലാ പാലങ്ങളുടെയും ഉയരവും വീതിയും അടിയന്തരമായി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് കലക്ടർക്ക് നിർദേൽകിയിരുന്നു. പാലം ഉയർത്തി പണിയണമെന്നും അല്ലാത്തപക്ഷം സമര രംഗത്തിറങ്ങുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.