ഫോർട്ട്കൊച്ചി: ഫ്രഞ്ചുകാരനായ മാക്സിം കിമ്പ് സഹോദരി ജൂലിയറ്റിന് ഒരുക്കിയ സമ്മാനം ശ്രദ്ധേയമായി. ഒരു ടാസ്കിലൂടെയാണ് ജൂലിയറ്റ് ഒളിപ്പിച്ചുവെച്ച സമ്മാനം കണ്ടെത്തിയത്. കഴിഞ്ഞ വാരം കൊച്ചി സന്ദർശിച്ച് മടങ്ങുമ്പോൾ അടുത്ത ദിവസം കൊച്ചി കാണാനെത്തുന്ന സഹോദരിക്ക് ഫോർട്ട്കൊച്ചിയിൽ ഒരിടത്ത് സമ്മാനം ഒളിപ്പിച്ച് പൂട്ടി താക്കോലുമായാണ് മാക്സിം മടങ്ങിയത്.
ഫ്രാൻസിലെത്തിയ മാക്സിം താക്കോൽ സഹോദരിക്ക് കൈമാറുകയും എവിടെയാണ് സമ്മാനം സൂക്ഷിച്ചിരിക്കുന്നതെന്നറിയാൻ തെളിവായി ആ സ്ഥലത്ത് സർവസാധാരണമായി ഉയർന്നുകേൾക്കുന്ന ശബ്ദത്തിന്റെ വിഡിയോയും നൽകിയിരുന്നു. ഇവിടെ വലിയൊരു വൃക്ഷത്തിനുള്ളിലാണ് സമ്മാനമെന്നും പറഞ്ഞിരുന്നു.
കൊച്ചിയിൽ വിമാനമിറങ്ങിയ ജൂലിയറ്റ് നെടുമ്പാശ്ശേരി മുതൽ അന്വേഷണം ആരംഭിച്ചു. രണ്ടാംനാൾ മട്ടാഞ്ചേരിയിലെത്തിയ ജൂലിയറ്റ് ഓട്ടോറിക്ഷക്കാരനായ അഷ്റഫിനോട് ശബ്ദംകേൾക്കുന്ന സ്ഥലത്തെക്കുറിച്ച് ചോദിച്ചു.
അന്തരീക്ഷത്തിലെ ശബ്ദം കേട്ടയുടൻ അഷ്റഫ് ഇത് കമാലക്കടവിലാണെന്ന് പറഞ്ഞു. പിന്നെ താമസിച്ചില്ല, ഓട്ടോ കമാലക്കടവിലേക്ക് വിടാൻ ജൂലിയറ്റ് നിർദേശിച്ചു.
ഒളിപ്പിച്ചുവെച്ച മരവും പൂട്ടും കണ്ടുപിടിച്ചു. പിന്നാലെ സമ്മാനവും. സഹോദരന്റെ സ്നേഹസമ്മാനം കിട്ടിയതിന്റെയും ടാസ്കിൽ ജയിച്ചതിന്റെയും സന്തോഷത്തിലാണ് ജൂലിയറ്റ്.