കോലഞ്ചേരി: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ ബീഹാർ സ്വദേശി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ചന്ദൻ കുമാർ (21) നെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. നാലാം തീയതിയാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കോലഞ്ചേരിയിൽനിന്ന് കാണാതായത്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ വിജയവാഡയിൽനിന്നാണ് യുവാവിനൊപ്പം കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രലോഭിപ്പിച്ച് യുവാവ് വിജയവാഡയിലെത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ എറണാകുളത്തേക്ക് ബസിൽ പോവുകയും അവിടെനിന്ന് പെൺകുട്ടി തനിച്ച് ട്രെയിനിൽ വിജയവാഡയിൽ എത്തുകയുമായിരുന്നു.
യാത്രയിൽ പെൺകുട്ടി സഹയാത്രികരുടെ മൊബൈലിലാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നത്. യുവാവിന്റെ നിർദേശപ്രകാരം ഫോൺ വീട്ടിൽവച്ചാണ് പെൺകുട്ടി പോയത്. പൊലീസ് കണ്ടുപിടിക്കാതിരിക്കാനായിരുന്നു ഇത്. അവിടെയെത്തിയപ്പോൾ യുവാവിന്റെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ച സ്ഥലം കണ്ടെത്തിയത്.
വാടകവീട്ടിൽ വച്ച് യുവാവ് പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജൻ, ഇൻസ്പെക്ടർ കെ.പി ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.