കൊച്ചി: ഏതാനും വർഷങ്ങൾക്കിടെ നിരവധി പേർക്ക് ജില്ലയിൽ വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത് നിരവധി പേർക്ക്. കൃഷി ഉൾപ്പെടെ വസ്തുക്കൾ നശിപ്പിച്ച സംഭവങ്ങളും ധാരാളം. ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗ ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കുമ്പോഴും കാട്ടുപന്നി മുതൽ കാട്ടാന വരെ വീടുകൾക്ക് സമീപം എത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു.
അങ്കമാലി നിയമസഭ മണ്ഡലത്തിന് കീഴിൽ മലയാറ്റൂർ ഡിവിഷനിലെ കാലടി റേഞ്ചിലുള്ള മലയാറ്റൂർ-നീലീശ്വരം, അയ്യമ്പുഴ പഞ്ചായത്തുകളുടെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവി ശല്യം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോതമംഗലം നിയമസഭ മണ്ഡലത്തിന് കീഴിൽ കവളങ്ങാട്, കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി, കീരംപാറ എന്നീ പഞ്ചായത്തുകളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഇതിനുള്ള നഷ്ടപരിഹാരം അനുവദിക്കുന്നത് കുടിശ്ശികയായ സംഭവങ്ങളും നിരവധിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
നാശനഷ്ടങ്ങൾ തുടർക്കഥയാകുമ്പോൾ…
കഴിഞ്ഞ ദിവസം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് വീടിന് നേരെ കാട്ടാന ആക്രമണമുണ്ടായിരുന്നു. വീട്ടുപകരണങ്ങളും കൃഷിയും നശിപ്പിച്ചു. കാലടി പ്ലാന്റേഷനിൽ തൊഴിലാളികൾ താമസിക്കുന്ന ലയത്തിനോട് ചേർന്ന താൽക്കാലിക ഷെഡ് കാട്ടാനകൾ തകർത്ത സംഭവവും ഈ മാസം തന്നെയാണുണ്ടായത്. മലയാറ്റൂർ ഇല്ലിത്തോട്ടിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങിയ വാഴത്തോട്ടവും അടക്കാമരങ്ങളും നശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റിൽ കാട്ടാന കാർ തകർത്ത സംഭവവുമുണ്ടായി. കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്കേറ്റത്, താളുകണ്ടം ആദിവാസി കോളനിയിൽ വീടും അമ്പലവും തകർത്തത് തുടങ്ങി നിരവധി സംഭവങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെയിലുണ്ടായിരുന്നു.
നടപടികൾ നിരവധി
വന്യമൃഗ ആക്രമണങ്ങൾ തടയാൻ ശക്തമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അവകാശപ്പെടുന്നു. കോതമംഗലത്ത് വന്യമൃഗ ഭീഷണിയുള്ള പ്രദേശങ്ങളിൽ പട്രോളിങ് നടത്തുന്നതിന് രാത്രിയും പകലും വാച്ചർമാരെ നിയോഗിച്ചുിട്ടുണ്ടെന്നും സോളാർ ഫെൻസിങ്ങിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. സൗരോർജ വേലികളുടെ നിർമാണം, തൂക്കു സൗരോർജ വേലികളാക്കി നവീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
കുട്ടമ്പുഴ പഞ്ചായത്തിൽ 2022-23 കാലയളവിൽ 12.40 ലക്ഷം രൂപ വിനിയോഗിച്ച് നാല് കിലോമീറ്ററും 2023-24ൽ 16.3 ലക്ഷം വിനിയോഗിച്ച് ഏഴ് കിലോമീറ്റർ ദൂരവും തൂക്ക് സൗരോർജവേലി നിർമാണം നടത്തിയിട്ടുണ്ട്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വേങ്ങൂർ, കോതമംഗലത്തെ കോട്ടപ്പടി, പിണ്ടിമന പഞ്ചായത്ത് പ്രദേശങ്ങളിൽ നബാർഡ് പദ്ധതി വഴി 30 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് സൗരോർജവേലി സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അങ്കമാലിയിൽ 30.74 ലക്ഷം വിനിയോഗിച്ച് 17.35 കിലോമീറ്റർ ദൂരം സൗരോർജ വേലി നിർമാണം നടത്തിയിട്ടുണ്ട്.
ഇത് കൂടാതെ നിരവധി പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. അങ്കമാലി നിയോജക മണ്ഡലത്തിൽ 35.54 ലക്ഷം വിനിയോഗിച്ച് 4.5 കിലോമീറ്റർ ദൂരത്തിൽ തൂക്ക് സൗരോർജ വേലി സ്ഥാപിക്കാനും 12.60 ലക്ഷം ചെലവഴിച്ച് കാട്ടാനകളെ പ്രതിരോധിക്കുന്നതിനുള്ള കിടങ്ങ് നിർമിക്കാനും പദ്ധതിയുണ്ട്.