കൊച്ചി: അങ്കമാലി-കുണ്ടന്നൂർ ബൈപാസിനായി സ്വത്തും സ്ഥലവും വിട്ടുകൊടുക്കുമ്പോൾ 2013ലിറങ്ങിയ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം തങ്ങൾക്ക് ലഭിക്കണമെന്നാണ് പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കാനിടയുള്ളവരുടെ പ്രധാന ആവശ്യം.
പ്രസ്തുത നിയമപ്രകാരം കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കിയല്ല നഷ്ടപരിഹാരത്തുക നിർണയിക്കുന്നതെന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വില നിശ്ചയിക്കുമ്പോൾ കാലപരിധിയും സ്ഥലപരിമിതിയും നിശ്ചയിക്കാതെ അതത് പ്രദേശങ്ങളിൽ നടന്നിട്ടുള്ള കൂടിയ ആധാരങ്ങളും മാർക്കറ്റ് വിലയും അടിസ്ഥാനമാക്കണമെന്നും ആക്ഷൻ കൗൺസിലുകാർ ആവശ്യപ്പെടുന്നു. പൊളിക്കുന്നത് ഒരുവർഷം മുമ്പ് നിർമിച്ച വീടാണെങ്കിലും 25 വർഷം പഴക്കമുള്ള വീടാണെങ്കിലും പുതിയ വീട് പണിയാൻ ഇന്നത്തെ സാഹചര്യത്തിൽ ഉയർന്ന ചെലവാണ്.
ഇത് കണക്കിലെടുത്താണ് ആവശ്യം ഉന്നയിക്കുന്നത്. ഇത്തരത്തിൽ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും വ്യക്തമാക്കുന്ന നിവേദനം ദിവസങ്ങൾക്ക് മുമ്പ് സംയുക്ത ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ എറണാകുളം കലക്ടർ, നോർത്ത് പറവൂരിലുള്ള അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ഓഫിസിൽ പ്രവർത്തിക്കുന്ന സ്പെഷൽ ഡെപ്യൂട്ടി കലക്ടർ (എൽ.എ), പാലക്കാട്ടെ എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഓരോ വില്ലേജിലെയും സർക്കാർ നിശ്ചയിച്ച ന്യായവിലയും കമ്പോള വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
സെന്റിന് അഞ്ചുലക്ഷം രൂപ കമ്പോളവിലയുള്ള സ്ഥാനത്ത് ന്യായവില ഒരുലക്ഷം രൂപയൊക്കെയേ നിശ്ചയിക്കാറുള്ളൂ. ഇതിനാൽ ഉദ്യോഗസ്ഥർക്കൊപ്പം ഓരോ പ്രദേശങ്ങളിലെയും പൊതുസമ്മതരായ വ്യക്തികളുമായി ചർച്ച ചെയ്തുവേണം യഥാർഥ കമ്പോള വില നിശ്ചയിക്കേണ്ടതെന്നും ഭൂമി ഏറ്റെടുക്കുമ്പോൾ മിച്ചം വരുന്ന ഭൂമി ഉപയോഗപ്രദമല്ലെങ്കിൽ ഇതുകൂടി ഏറ്റെടുത്ത് മുഴുവനായ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പദ്ധതിക്കുവേണ്ടി അഞ്ചു സെൻറ് ഭൂമിയുള്ള ഒരാളുടെ നാലുസെൻറ് മാത്രം ഏറ്റെടുക്കുമ്പോൾ ബാക്കിവരുന്ന ഒരുസെൻറ് ഭൂമി ഒന്നും ചെയ്യാനാവാതെ, ക്രയവിക്രയത്തിനു പോലും സാധ്യതയില്ലാത്ത സാഹചര്യമുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കാനായാണ് കുറഞ്ഞ അളവിലുള്ള സ്ഥലം അവശേഷിക്കുകയാണെങ്കിൽ അതുകൂടി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇതോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിയിലെ കാർഷിക വിളകൾക്കും വൃക്ഷങ്ങൾക്കും നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകിയ കത്തുകളുടെയും സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും നിവേദനത്തിലുണ്ട്.
നിലവിൽ ആഗസ്റ്റ് അവസാനം പദ്ധതിക്കായി പുറപ്പെടുവിച്ച ത്രി (എ) വിജ്ഞാപനം 1956ലെ എൻ.എച്ച് ആക്ട് പ്രകാരമാണ്. ഇതിൽ നഷ്ടപരിഹാരത്തിനപ്പുറം പുനരധിവാസം നൽകണമെന്ന കാര്യം വ്യവസ്ഥ ചെയ്യുന്നില്ല.
കൂടാതെ, ഒരു കെട്ടിടം ഭാഗികമായി പദ്ധതിക്കുവേണ്ടി പൊളിച്ചാൽ അതിന്റെ മാത്രം നഷ്ടപരിഹാരമേ കിട്ടുകയുള്ളൂ എന്ന ആശങ്കയുമുണ്ട്. എന്നാൽ, ദേശീയപാതക്കായി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്കുള്ള പുനരധിവാസം ഉൾപ്പെടെ നഷ്ടപരിഹാരം നൽകേണ്ടത് 2013ലെ എൽ.എ ആക്ട് പ്രകാരമായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവും നാട്ടുകാർ തങ്ങളുടെ നിവേദനത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയിൽ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ കാലപ്പഴക്കവും തേയ്മാനവും കണക്കാക്കാതെ വില നിശ്ചയിക്കണം, ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുകളോ കെട്ടിടങ്ങളോ ഭാഗികമായി നഷ്ടപ്പെട്ടാൽ, ഭൂവുടമ ആവശ്യപ്പെടുന്ന പ്രകാരം ഇത് പൂർണമായും ഉപയോഗശൂന്യമായി കണക്കാക്കി പൂർണ നഷ്ടപരിഹാരം നൽകണം, വ്യവസായങ്ങളോ കച്ചവട സ്ഥാപനങ്ങളോ നടത്തുന്നവർക്കും 2013ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണം, പൊളിച്ചുമാറ്റപ്പെടുന്ന വീടുകളിലെ കുടുംബങ്ങൾക്ക് 2013ലെ സ്ഥലമെടുപ്പ് ആക്ട് പ്രകാരമുള്ള പുനരധിവാസ ഉറപ്പുവരുത്തണം എന്നു തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നു.
ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട്
നാടിന്റെ വികസനത്തിനായി ഭൂവുടമകൾക്കും മറ്റു ബാധിത കുടുംബങ്ങൾക്കും ബുദ്ധിമുട്ട് ഏറ്റവും കുറഞ്ഞ വിധത്തിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച നിയമമാണ് 2013ലെ ദ റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആൻഡ് ട്രാൻസ്പെരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റിഹാബിലിറ്റേഷൻ ആൻഡ് റിസെറ്റ്ൽമെന്റ് ആക്ട് (ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട്- ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട്).
പാടില്ല ഇരട്ടനീതി…
ദേശീയപാത 66ലുൾപ്പെടുന്ന ഇടപ്പള്ളി-മൂത്തകുന്നം റീച്ചിനുവേണ്ടി സ്ഥലമേറ്റെടുത്തപ്പോൾ പ്രദേശവാസികൾക്ക് നഷ്ടപരിഹാരമായി നൽകിയത് 2013ലെ ആക്ട് പ്രകാരമാണ്. ഇതുകൂടാതെ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എൻ.എച്ച് 966 ന്റെ സ്ഥലമേറ്റെടുപ്പിലും ഇതേ നിയമപ്രകാരമുള്ള ഉദാരമായ നഷ്ടപരിഹാരം ഇരകൾക്കു നൽകി.
എൻ.എച്ച് 66ലെയും 966ലെയും ഇരകൾക്ക് ഉയർന്ന നഷ്ടപരിഹാരം നൽകിയത് ഇവരുടെ നിരന്തരമായുള്ള പ്രക്ഷോഭങ്ങളെ തുടർന്നാണ്. ഇതിനുവേണ്ടി സർക്കാർതലത്തിൽ ഇടപെടുകയും ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് രണ്ട് പദ്ധതികൾക്കുമായുള്ള നഷ്ടപരിഹാര നിർണയത്തിൽ ഇളവനുവദിച്ച് ഉത്തരവിറക്കുകയുമായിരുന്നു. എന്നാൽ, പിന്നീട് ഇരുപദ്ധതികളുടെയും നഷ്ടപരിഹാര വിതരണം പൂർത്തിയായ ഘട്ടത്തിൽ ഉത്തരവ് പിൻവലിക്കുകയാണുണ്ടായത്.
ഈ സാഹചര്യത്തിൽ തങ്ങളുടെ ആവശ്യം നടപ്പാകുംവരെ ശക്തമായ പ്രതിഷേധ പരിപാടികളും മറ്റും സംഘടിപ്പിക്കാനാണ് തീരുമാനമെന്നും റോയ് വ്യക്തമാക്കി. അങ്കമാലി-കുണ്ടന്നൂർ ബൈപാസ് പദ്ധതിക്കുവേണ്ടിയും ഇളവനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട ഉന്നതാധികാരികളെയും സമീപിക്കും. കൂടാതെ, 2013ലെ നിയമപ്രകാരമുള്ള പുനരധിവാസ-നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം ഹൈകോടതിയിൽ ഹരജി സമർപ്പിക്കാനിരിക്കുകയാണ് നാട്ടുകാർ.
നീതി കിട്ടുന്നതു രെ തങ്ങളുടെ ഭൂമി അളക്കലുൾപ്പെടെ നടപടിക്രമങ്ങളിലേക്ക് കടക്കാൻ അധികൃതരെ അനുവദിക്കില്ലെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഒറ്റക്കെട്ടായി വ്യക്തമാക്കുന്നു. കിടപ്പാടവും ഉപജീവന മാർഗങ്ങളും നഷ്ടമാവുന്നവർക്കു മുന്നിൽ ഇരുട്ടു മാത്രമാണുള്ളത്. നാളെയെക്കുറിച്ച് ഒരു നിശ്ചയവുമില്ല. അവരുടെ ആവലാതി കാണാൻ ആരുമില്ല. അതേക്കുറിച്ച് നാളെ.