പെരുമ്പാവൂര്‍: കണ്ടന്തറയിലെ മഞ്ചേരിമുക്ക് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി ആക്ഷേപം. ഇതു സംബന്ധിച്ചുയരുന്ന പരാതികള്‍ അവഗണിക്കുകയാണ് അധികൃതര്‍. കണ്ടന്തറ സര്‍ക്കാര്‍ സ്കൂളിലേക്കും, ഹിദായത്ത് സ്കൂളിലേക്കും പോകുന്ന വഴിയില്‍ കലുങ്ക് ജങ്ഷന് സമീപത്ത് തെരുവുനായ്ക്കള്‍ സ്ഥിരമായി തമ്പടിക്കുന്നുണ്ട്. മഞ്ചേരിമുക്കിലെ സലഫി മസ്ജിദിന്റെ പരിസരമാണ് തെരുവുനായ്ക്കള്‍ തമ്പടിക്കുന്ന മറ്റൊരു സ്ഥലം. പലപ്പോഴും ഇവ വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ മുതിരുന്നുണ്ട്.
രാവിലെയും വൈകിട്ടും സ്കൂളുകളിലേക്കും മദ്രസകളിലേക്കും ട്യൂഷന് സെൻററുകളിലേക്കും കുട്ടികള്‍ പോകുന്നതും തിരികെ വരുന്നതും ഭീതിയോടെയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. തെരുവുനായ്ക്കളെ പേടിച്ച് പല രക്ഷകര്‍ത്താക്കളും കുട്ടികളെ രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുന്ന അവസ്ഥയിലാണ്. പട്ടാപ്പകലും തെരുവുനായ്ക്കള്‍ കോഴികളെയും പൂച്ചകളെയും മറ്റും പിടിച്ചുകൊണ്ടുപോകുന്നുണ്ട്. ഈയടുത്തകാലത്താണ് നായ്ശല്യം രൂക്ഷമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകണമെന്ന് മഞ്ചേരിമുക്ക് യൂത്ത്വിങ് യോഗം ആവശ്യപ്പെട്ടു. കെ.കെ. ഫൈസല്‍, എം.വി. മുഹമ്മദ്കുഞ്ഞ്, എം.എം. സിറാജുദ്ദീന്, ഇ.എം. അഷറഫ്, എം.എം. നൗഷാദ്, എം.വി. അലി, ഇജാസ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.