മൂവാറ്റുപുഴ: നഗരറോഡ് വികസനം നിലച്ച് മേഖലയെ ദുരിതത്തിലാക്കിയ സാഹചര്യത്തിൽ നഗരവാസികളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതത്തിൽ പ്രതിഷേധിച്ച് മർച്ചന്റ് അസോസിയേഷൻ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനം. ശനിയാഴ്ച മർച്ചന്റ്സ് അസോസിയേഷൻ വിളിച്ച വിവിധ സാമൂഹിക മത സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച റോഡ് വികസനത്തിന്റെ നാലിലൊന്നും പോലും പൂർത്തിയായിട്ടില്ല. കരാർ കാലാവധി കഴിഞ്ഞതോടെ കരാറിൽ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് കരാറുകാരൻ സർക്കാറിനെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെ റോഡ് നിർമാണം വൈകിപ്പിക്കുന്നു എന്നാരോപിച്ചുള്ള രാഷ്ട്രീയപ്പോരും മുറുകുന്നുണ്ട്.
റോഡിന്റെ പല ഭാഗങ്ങളിലും കുഴിയും തോടുമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് ജനങ്ങൾക്കു പ്രവേശിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. കടുത്ത വ്യാപാര മാന്ദ്യമാണ് നഗരം നേരിടുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് റോഡ് നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണന്ന് ആവശ്യപ്പെട്ട് ഭീമഹരജി നൽകാനും തീരുമാനമായി.