അങ്കമാലി: ദേശീയപാത അങ്കമാലിയിലെയും അത്താണിയിലെയും ഗതാഗതപരിഷ്കാരത്തിനെതിരെ പ്രതിഷേധമുയർന്നതോടെ മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്ഥലം സന്ദർശിച്ച് അശാസ്ത്രീയ പരിഷ്കാരങ്ങൾ നീക്കം ചെയ്യാനും സിഗ്നൽ നിയന്ത്രണം പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. അങ്കമാലിയിൽ കരയാംപറമ്പ്, അങ്ങാടിക്കടവ് പ്രദേശങ്ങളിലും അങ്കമാലി ടി.ബി ജങ്ഷൻ, എം.സി റോഡിൽ മറ്റൂർ-കാലടി സിഗ്നൽ ജങ്ഷനുകൾ പറവൂർ കവലനെടുമ്പാശ്ശേരിയിൽ അത്താണി കവലയിലും അസീസി കവലയിലുമാണ് ഗതാഗതക്കുരുക്കിന്റെ പേരിൽ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയത്.
കരയാംപറമ്പ് സിഗ്നൽ ജങ്ഷനിൽ പടിഞ്ഞാറ് ഭാഗത്തെ സർവിസ് റോഡ് അടക്കുകയായിരുന്നു. സിഗ്നലിന്റെ ഒരു വശം മുഴുസമയം തുറന്നുകൊടുത്തും വശങ്ങളിൽ വീപ്പകൾ നിരത്തി യു ടേൺ ട്രാക്ക് നിരത്തിയുമാണ് ഒരു മാസം മുമ്പ് പരിഷ്കാരം ഏർപ്പെടുത്തിയത്. പരിഷ്കാരം വന്ന് മണിക്കൂറുകൾക്കകം അപകടങ്ങളും ഗതാഗതക്കുരുക്കും കാൽനടക്കാർ ദുരിതത്തിലാവുകയും ചെയ്തു. അതോടെ നാനാതുറകളിൽനിന്ന് പ്രതിഷേധമുയർന്നു.
റോഡ് ഉപരോധം, ആർ.ടി. ഓഫിസ് മാർച്ച്, നിയമസഭയിൽ അൻവർ സാദത്ത് എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലും റോജി.എം.ജോൺ എം.എൽ.എയുടെ പരാതിയും ഉയർന്നതോടെ ട്രാഫിക് പരിഷ്കാരം പുനഃപരിശോധിക്കുമെന്ന് മന്ത്രി എം.എൽ.എമാർക്ക് ഉറപ്പ് നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് ശനിയാഴ്ച മന്ത്രി സ്ഥലങ്ങൾ സന്ദർശിച്ച് പരിഹാര നടപടി കൈക്കൊണ്ടത്. അത്താണിയിലെ വീപ്പകൾ തിങ്കളാഴ്ച മുതൽ നീക്കം ചെയ്യും.
അതേസമയം, അസീസി കവലയിൽ സ്കൂളിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിന് ട്രാഫിക് നിയന്ത്രിക്കാൻ സ്കൂൾ അധികൃതർ സ്വയം സംവിധാനം ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. അങ്കമാലിയിൽ റോജി എം.ജോൺ എം.എൽ.എയും അത്താണിയിൽ അൻവർ സാദത്ത് എം.എൽ.എയും പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി. നഗരസഭ ചെയർമാൻ മാത്യു തോമസ് അടക്കമുള്ള ബന്ധപ്പെട്ട ജനപ്രതിനിധികളും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും മർച്ചന്റ്സ് അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.