പെരുമ്പാവൂര്‍: ക്ഷീരവകുപ്പിന് കീഴിലുള്ള കൂവപ്പടി ബ്ലോക്ക് പരിധിയിലെ കൂവപ്പടി, ഒക്കല്‍ രായമംഗലം, മുടക്കുഴ, പെരുമ്പാവൂര്‍ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ മൃഗങ്ങള്‍ക്ക് കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നതായി ബി.ജെ.പി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കറവയുള്ള പശുക്കളിലാണ് കൂടുതലായും രോഗം കണ്ടുവരുന്നത്. മൃഗാശുപത്രികളിൽ ചെല്ലുന്ന കര്‍ഷകരെ പനിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും മറ്റ് സ്ഥലങ്ങളില്‍നിന്ന് ഡോക്ടര്‍മാരെ വിളിച്ചുവരുത്തി ചികിത്സ നടത്തേണ്ട അവസ്ഥയാണ്. ഇത് കര്‍ഷകര്‍ക്ക് നഷ്ടം വരുത്തുകയാണ്.
മൃഗാശുപത്രികളില്‍ മാസങ്ങളായി മരുന്നില്ല. ആശുപത്രികളില്‍നിന്ന് മരുന്ന് പുറമേക്ക് എഴുതി കൊടുക്കുകയാണ്. ഡോക്ടറെ വീടുകളിലേക്ക് എത്തിക്കുമ്പോള്‍ ഓരോ തവണയും 500ല്‍ പരം രൂപ കര്ഷകന് നഷ്ടമാകുന്നു. നിലവില്‍ പശുക്കളെ വിറ്റ് കട ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുകയാണ് കര്‍ഷകര്‍. പഞ്ചായത്തുകളില്‍ ക്ഷീര വികസനത്തിന് കമ്മിറ്റികളുണ്ടെങ്കിലും പ്രവര്‍ത്തനമില്ലെന്നും പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ അറിയിച്ചു.