കൊച്ചിയിലും പാലക്കാടും രണ്ട് സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണ്​ മരിച്ചു

Estimated read time 1 min read

മരട്/പെരിങ്ങോട്ടുകുറുശ്ശി: കൊച്ചിയിലും പാലക്കാടുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണ് മരിച്ചു. തേവര എസ്.എച്ച് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പനങ്ങാട് എൻ.എം ജങ്ഷനുസമീപം കൊറ്റിലാഞ്ചേരി ജയകുമാറിന്‍റെ (കുട്ടൻ) മകൾ ശ്രീലക്ഷ്മിയാണ്​ (16), പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ആയക്കുറുശ്ശി കമ്പ്രാംകുന്ന് വിനോദ്-ബിൻസി ദമ്പതികളുടെ മകൻ അഭിനവ് (10) എന്നിവരാണ് മരിച്ചത്.

സ്കൂളിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിൽനിന്നിറങ്ങവേ ശ്രീലക്ഷ്മി കുഴഞ്ഞുവീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കുണ്ടന്നൂർ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രജനി. സഹോദരൻ: ശ്രീഹരി (വിദ്യാർഥി).

പെരിങ്ങോട്ടുകുറുശ്ശി ഗവ. ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അഭിനവ്, വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിനവിന് നേരത്തേ അപസ്മാരമുണ്ടായിട്ടുണ്ട്. സഹോദരി: ആദിയ. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ സംസ്കരിക്കും.

You May Also Like

More From Author