നെടുങ്കണ്ടം: തൂക്കുപാലത്ത് തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുടുംബത്തിന്റെ വിഡിയോ പകര്‍ത്തിയത് ചോദ്യംചെയ്തതിന് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു. മൂവാറ്റുപുഴയില്‍നിന്ന് വിവാഹാവശ്യത്തിന് വന്ന നാലംഗ കുടുംബത്തിന് നേരെയാണ് ആക്രമണം.
ഗണേശ്, ഇദ്ദേഹത്തിന്റെ മകൻ ആദിത്യൻ (21) എന്നിവർക്കാണ് സാരമായി പൊള്ളലേറ്റത്. സംഭവത്തില്‍ ഹോട്ടലിൽ പൊറോട്ടയടിക്കുന്ന ചോറ്റുപാറ സ്വദേശി നൗഷാദിനെ (45) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. ശരീരമാസകലം പൊള്ളലേറ്റ ആദിത്യന്റെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. മാതാവിനും മകൾക്കും പൊള്ളലേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 12ഓടെയാണ് ഇവർ ഭക്ഷണം കഴിക്കാൻ കടയിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കടയിലെ ജീവനക്കാരന് മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ വിഡിയോ എടുത്തു. ഇത് ചോദ്യംചെയ്തതിനെത്തുടര്‍ന്ന് വാക്തര്‍ക്കവും അടിപിടിയുമുണ്ടായി.
ഈ സമയത്ത് കടയിൽ പൊറോട്ടയുണ്ടാക്കുന്ന നൗഷാദ് പാത്രത്തിലിരുന്ന തിളച്ച വെള്ളമെടുത്ത് ഇവരുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. സംഭവശേഷം ഓട്ടോയില്‍ കടന്നുകളയുന്നതിനിടെ ഓട്ടോ മറിഞ്ഞ് നൗഷാദിന് പരിക്കേറ്റു. ശനിയാഴ്ചയാണ് ഇയാളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ആദിത്യന്റെ മൊഴിപ്രകാരം കേസെടുത്തു.